കാസർകോട്: തനിക്കെതിരേ ഉയർന്ന സാമ്പത്തിക ആരോപണത്തിന് മറുപടിയുമായി കാസർകോട് ഡിസിസി അധ്യക്ഷൻ പി.കെ. ഫൈസൽ. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് സുബ്ബയ്യ റായി നൽകിയ പരാതി അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം കാസർകോട്ട് മാധ്യമങ്ങളോടു പറഞ്ഞു.

To advertise here,

ഡിസിസി ഓഫീസിന്റെ മൂന്നാംനിലയ്ക്ക് ജില്ലയിലെ മുതിർന്ന നേതാവും മുൻ ഡിസിസി അധ്യക്ഷനുമായിരുന്ന ഐ. രാമറായിയുടെ പേര് നൽകാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നാണ് പരാതി. രാമറായിയുടെ മകനും കെപിസിസി സെക്രട്ടറിയുമാണ് സുബ്ബയ്യ റായി. ഇദ്ദേഹമാണ് പാർട്ടി നേതൃത്വത്തിന് പരാതി നൽകിയത്.

ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് ഫൈസൽ പറഞ്ഞു. എട്ടുമാസം മുൻപ് തന്നോട് സംസാരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. താൻ ഡിസിസി അധ്യക്ഷനായ ശേഷം സുബ്ബയ്യ റായി ഒരൊറ്റ ഡിസിസി യോഗത്തിൽ പോലും പങ്കെടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും കോൺഗ്രസ് നേതാവുമായ ഐ. രാമറായിയയുടെ അനുസ്മരണത്തിന് പോലും വന്നില്ല. ഒരു ഘട്ടത്തിലും സുബ്ബയ്യറായിയുമായി ആശയവിനിമയം നടത്തിയിട്ടില്ല. അങ്ങനെ ഉണ്ടായിട്ടുണ്ടെങ്കിൽ തെളിവ് കൊണ്ടുവരണം, ഫെെസൽ പറഞ്ഞു. 

അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചതിന്റെ പേരിൽ സുബ്ബറായിക്കെതിരേ എഐസിസിക്കും കെപിസിസിക്കും പരാതി നൽകും. അവർ പരിഹാരം കണ്ടില്ലെങ്കിൽ നിയമപോരാട്ടം നടത്തും. സമൂഹത്തിന് മുന്നിൽ കുറ്റക്കാരാനായി ചിത്രീകരിക്കപ്പെടാൻ ഇഷ്ടപ്പെടുന്നില്ല, ഫൈസൽ കൂട്ടിച്ചേർത്തു.