തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. മഴക്കെടുതിയിലും വെള്ളക്കെട്ടിലും അകപ്പെട്ട് ഏഴ് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. കാറ്റിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. കൃഷി സ്ഥലങ്ങൾ പൂർണമായി മുങ്ങിപ്പോയതായുള്ള റിപ്പോർട്ടുകളുമുണ്ട്. പലസ്ഥലങ്ങളിലും റോഡ് മുങ്ങിയതിനെ തുടർന്ന് ഗതാഗതവും തകരാറിലായിരിക്കുകയാണ്. കനത്ത മഴക്കെടുതി തുടരുന്ന മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കാസർകോടും എറണാകുളത്തും തിരുവനന്തപുരത്തും കടലാക്രമണവും രൂക്ഷമാണ്. 

To advertise here,

ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കേന്ദ്രകാലാവസ്ഥ വകുപ്പ് ഇന്ന് 9 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ നാളെ, 02/08/2026ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാവകുപ്പ് നിർദേശിച്ചു.