തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുവിച്ച കാലാവസ്ഥാ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ ആറിന് കണ്ണൂർ, കാസർകോഡ് ജില്ലകളിലും ജൂലൈ ഏഴിന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് (ജൂലൈ 4) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ അഞ്ചിന് കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലും ആറിന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഏഴിന് എറണാകുളം, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലുമാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ എട്ടിന് ഇടുക്കി മുതൽ കാസർകോഡ് വരെയുള്ള ഒൻപത് ജില്ലകളിൽ മഞ്ഞ അലർട്ട് നൽകിയിട്ടുണ്ട്.
മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് പൊതുജനങ്ങൾക്കായി പ്രത്യേക ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം. ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിൽ ഉള്ളവർ പകൽ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറാൻ ശ്രദ്ധിക്കണമെന്നും ഇതിനായി തദ്ദേശ/റവന്യൂ അധികാരികളുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ശക്തമായ മഴ പെയ്യുമ്പോൾ ജലാശയങ്ങളിൽ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. നദികൾ മുറിച്ചു കടക്കാനോ, കുളിക്കാനോ മീൻപിടിക്കാനോ പാടില്ല. പാലങ്ങൾക്ക് മുകളിൽ കയറി കാഴ്ചകൾ കാണുന്നതും സെൽഫി എടുക്കുന്നതും ഒഴിവാക്കണം. വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
ജലാശയങ്ങൾക്ക് സമീപമുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ പ്രത്യേക ശ്രദ്ധ വേണം. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി കിറ്റ് തയ്യാറാക്കി വെക്കേണ്ടതാണ്. എല്ലാ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കൺട്രോൾ റൂമുകൾ സജ്ജമാണ്. സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും പരിശോധിക്കണം. കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് മുന്നറിയിപ്പുകളിൽ മാറ്റം വരാമെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ 'ഓറഞ്ച് പുസ്തകം 2026' പ്രകാരമുള്ള മുന്നൊരുക്കങ്ങൾ പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Content Highlights: IMD predicts widespread rainfall and strong winds across Kerala for five days., Orange and Yellow alerts issued for multiple districts from July 4th to July 8th., Strict safety guidelines regarding landslides, flash floods, and coastal travel., Emergency contact numbers 1077 and 1070 are active 24/7., Adherence to the Orange Book 2026 guidelines is mandatory.
Published: 04 Jul 2026, 04:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented