കോട്ടയം: കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന കൊല്ലം- കോട്ടയം-66315/66316 മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയിൽവേ മന്ത്രാലയം താത്കാലികമായി മരവിപ്പിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി. അറിയിച്ചു.

To advertise here,

നിലവിൽ കൊല്ലം– കോട്ടയം വഴിയിൽ സ്ഥിരംയാത്രക്കാർ വ്യാപകമായി ആശ്രയിക്കുന്ന മെമു സർവീസ് എറണാകുളത്തേക്ക് നീട്ടുന്നതിനെതിരേ യാത്രക്കാരിൽനിന്നും യാത്രാ സംഘടനകളിൽനിന്നും പ്രതിഷേധമുയർന്നു.

ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രിയുമായും റെയിൽവേ ബോർഡ് ചെയർമാനുമായും നടത്തിയ ചർച്ചയെത്തുടർന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചത്.

വേണാട് എക്സ്പ്രസിലെ രൂക്ഷമായ യാത്രാത്തിരക്ക് പരിഹരിക്കാനായി നടത്തിയ ഇടപെടലുകളുടെ ഭാഗമായി എറണാകുളം–കോട്ടയം–കൊല്ലം വഴിയിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനുള്ള നിർദേശം റെയിൽവേ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാൽ ഈ ആവശ്യത്തിന് പരിഹാരമായി നിലവിൽ കൊല്ലം–കോട്ടയം വഴി സർവീസ് നടത്തുന്ന മെമു എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കമാണുണ്ടായത്.

കൊല്ലം–കോട്ടയം മെമു സർവീസിനെ ആശ്രയിക്കുന്ന സ്ഥിരം യാത്രക്കാരുടെ താത്‌പര്യം സംരക്ഷിക്കുന്നതിനൊപ്പം വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് ശാശ്വതപരിഹാരം കാണുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് എം.പി. അറിയിച്ചു. എറണാകുളം–കോട്ടയം–കൊല്ലം റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രാലയത്തിൽ സമ്മർദം ചെലുത്തുമെന്നും അദ്ദേഹം അറിയിച്ചു.