
കോഴിക്കോട്: പ്രവാസികൾക്ക് ചുരുങ്ങിയ ചെലവിൽ ആരോഗ്യ ഇൻഷുറൻസ് നൽകുന്നതിനായി ആരംഭിച്ച ‘നോർക്കാ കെയർ’ പദ്ധതിയുടെ കണക്കുകൂട്ടൽ പിഴച്ചു. ഇതോടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത് പ്രീമിയത്തിലെ വൻവർധന. ഏത് പ്രായക്കാർക്കും മുൻകാല അസുഖങ്ങൾക്ക് ആദ്യദിവസംമുതൽ കാഷ്‌ലസ് ചികിത്സ നൽകുന്ന നോർക്കാ റൂട്ട്‌സ് പദ്ധതി ഏറെ ആകർഷകമായിരുന്നു. വിദേശത്തുള്ള പ്രവാസികൾ അധികം ചികിത്സതേടിയെത്തില്ലെന്നും രണ്ടുലക്ഷത്തോളം അംഗങ്ങളെ കിട്ടുകയാണെങ്കിൽ കൂടുതൽ തുക സമാഹരിക്കാമെന്നുമാണ് കരുതിയിരുന്നത്. അംഗങ്ങളുടെ മാതാപിതാക്കളെ ചേർക്കാനുള്ള അവസരവും അന്ന് ഉണ്ടായിരുന്നില്ല. എന്നാൽ, ഭൂരിഭാഗംപേരും ചികിത്സയ്ക്ക് മാത്രമായി നാട്ടിലെത്തിയതോടെ ക്ലെയിമുകൾ കുത്തനെ കൂടി. പലർക്കും ആകെ തുകയുടെ 80 ശതമാനത്തിനടുത്ത് ക്ലെയിം വന്നു. ചില അസുഖങ്ങൾക്ക് ചെലവിടേണ്ട തുകയ്ക്ക് പ്രത്യേകം പരിധിനിശ്ചയിച്ചിട്ടില്ലാത്തതിനാൽ ആകെ സമാഹരിച്ച 145 കോടിയിൽ ആദ്യത്തെ രണ്ടുമാസംതന്നെ 43 കോടിയുടെ ക്ലെയിമാണ് നൽകേണ്ടി വന്നത്. ഒരുവർഷംകൊണ്ട് 210 കോടിയോളം രൂപയുടെ ക്ലെയിം നൽകേണ്ടിവന്നപ്പോൾ ആകെ 65 കോടിയുടെ നഷ്ടമുണ്ടായി.
ലക്ഷ്യമിട്ട രണ്ടുലക്ഷത്തിനുപകരം ആദ്യവർഷം 1,32,000 പ്രവാസികളെ മാത്രമേ അംഗങ്ങളാക്കാൻ കഴിഞ്ഞുള്ളൂവെന്നതും തിരിച്ചടിയായി. ഇതോടെ പദ്ധതിയിൽ തുടരണമെങ്കിൽ സർക്കാർ ആദ്യമേ 300 കോടി രൂപ കെട്ടിവെക്കണമെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി നിബന്ധനവെച്ചു. ഇതോടെ കമ്പനിയെ മാറ്റാൻ തീരുമാനിച്ചു.
നഷ്ടംപേടിച്ച് പുതുതായി കരാർവെക്കാൻപോലും ആരും തയ്യാറാകാത്ത സാഹചര്യമുണ്ടായിരുന്നു. ഏറെ ചർച്ചകൾക്കുശേഷമാണ് നാഷണൽ ഇൻഷുറൻസ് കമ്പനിയുമായി കരാർ ഒപ്പിടുന്നത്. പ്രീമിയം വർധനയ്ക്കെതിരേ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ പ്രവാസിസംഘടനകൾ രംഗത്തുവന്നിട്ടുണ്ട്.
പ്രീമിയം മാറ്റാൻ സർക്കാർ ഇടപെടൽ നടത്തണമെന്ന് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ ആവശ്യപ്പെട്ടു.
അതേസമയം, പ്രായം കൂടിയവർക്ക് പല സ്വകാര്യകമ്പനികളും ഇൻഷുറൻസ് നൽകാൻ മടിക്കുമ്പോൾ മുൻകാല അസുഖങ്ങൾക്ക് ഏതുപ്രായക്കാർക്കും ആദ്യംദിവസംമുതൽ നോർക്കാ കെയറിൽ ചികിത്സ നൽകുന്നുണ്ടെന്ന് നോർക്കാ റൂട്ട്‌സ് സി.ഇ.ഒ. രാജേഷ് മാധവൻ പറഞ്ഞു.
പ്രായത്തോടൊപ്പം പ്രീമിയവും കൂടും
കഴിഞ്ഞതവണ 41-നും 70-നും ഇടയിൽ പ്രായമുള്ള അംഗങ്ങൾക്കിടയിലാണ് കൂടുതൽ ക്ലെയിം ഉണ്ടായത്. ഈ വിഭാഗത്തിനുമാത്രം 120 കോടി രൂപ ചെലവിടേണ്ടിവന്നു. പദ്ധതി പുതുക്കിയപ്പോൾ അഞ്ചുലക്ഷം രൂപയുടെ വ്യക്തിഗത ഇൻഷുറൻസിന് 8101 രൂപയുണ്ടായിരുന്ന പ്രീമിയം 31 വയസ്സിന് മുകളിലുള്ള പ്രവാസികൾക്ക് 10,157 രൂപയും 41 വയസ്സിന് മുകളിലുള്ളവർക്ക് 14,036 രൂപയും 51 വയസിന് മുകളിലുള്ളവർ 21,722 രൂപയും 61 വയസ്സിന് മുകളിലുള്ളവർ 28,326 രൂപയും ആയി.
ദമ്പതിമാരും രണ്ടുകുട്ടികളുമടങ്ങിയ കുടുംബത്തിനുള്ള അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസിന് മുൻപ് 13,411 ഉണ്ടായിരുന്നത് 31 വയസ്സിന് മുകളിലുള്ള പ്രവാസികൾ 15,869-ഉം, 41 വയസ്സിന് മുകളിലുള്ളവർ 21,964-ഉം 51 വയസ്സിന് മുകളിലുള്ളവർ 35,664 രൂപയും അടയ്ക്കണം.
Content Highlights: Norka Care health insurance project faced a heavy loss of 65 crore rupees in its first year., Claims spiked due to pre-existing disease coverage from day one and lack of treatment sub-limits., Insurance premium rates have been significantly increased based on age groups for individuals and families., National Insurance Company has taken over the scheme after New India Assurance backed out.
Published: 06 Nov 2026, 07:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented