തിരുവനന്തപുരം: നാട്ടാനകളുടെ വിവരം വില്ലേജ് ഓഫീസർമാർ ശേഖരിക്കുന്നു. ഓരോ ആനയുടെയും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെ വിവരം നൽകണം. ഉടമയല്ലാതെ മറ്റാരെങ്കിലുമാണ് ആനയെ കൈവശം വെച്ചിരിക്കുന്നതെങ്കിൽ അയാളുടെ പേരും രേഖപ്പെടുത്തണം.
ആനയുടെ പേര്, ഉടമയുടെ പേര്, ആനയുടെ ശരീരത്തിൽ മൈക്രോചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം, ആനയെ തിരിച്ചറിയാൻ സഹായിക്കുന്ന അടയാളങ്ങൾ തുടങ്ങിയ വിവരവും നൽകണം.
വില്ലേജ് ഓഫീസർമാരെ കണക്കെടുപ്പിന് നിയോഗിച്ചുള്ള ഉത്തരവിൽ നാട്ടാനകളെ വിശേഷിപ്പിച്ചിരിക്കുന്നത് ‘തടവിലാക്കപ്പെട്ട ആനകൾ’ എന്നാണ്. ഇംഗ്ലീഷിൽ ക്യാപ്റ്റീവ് എലിഫന്റ്‌സ് എന്നതിനെ മലയാളീകരിച്ചപ്പോഴാണ് ഈ അഭംഗി. ഹൈക്കോടതി ഉത്തരവിന്റെകൂടി അടിസ്ഥാനത്തിലാണ് വില്ലേജ് ഓഫീസർമാരിലേക്ക് ആനക്കണക്കെടുപ്പ് എത്തിയത്. അനാവശ്യ ജോലിഭാരമാണ് അടിച്ചേൽപ്പിച്ചതെന്ന് റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഹരിദാസ് ഇറവങ്കര പറഞ്ഞു.
സംസ്ഥാനത്ത് നാട്ടാനകൾ 324 എണ്ണം
വനംവകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഇപ്പോൾ 324 നാട്ടാനകളാണുള്ളത്. 2010-ൽ 702 ആനകളുണ്ടായിരുന്നു. 15 വർഷത്തിനിടെ എണ്ണം പകുതിയിലും താഴെയായി. ഒട്ടേറെ നാട്ടാനകൾ സർട്ടിഫിക്കറ്റില്ലാതെയാണ് പലരുടെയും കൈവശമുള്ളത്. ചരിഞ്ഞ ആനയുടെ രേഖകൾ മറ്റൊരാനയ്ക്കായി ഉപയോഗിക്കുന്നതും ഉടമയറിയാതെ ആനയെ മറ്റുള്ളവർക്ക് കൈമാറി എഴുന്നള്ളിപ്പിന് വാടകയ്ക്ക് നൽകുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്.
Content Highlights: Village officers in Kerala are collecting data on all captive elephants., Details required include ownership certificates, microchip status, and identifying marks., The census is being conducted following a High Court order., Kerala currently has 324 captive elephants, a significant drop from 702 in 2010., Revenue department staff have raised concerns over the extra workload.
Published: 21 Nov 2026, 07:34 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented