ഗുരുവായൂർ: ഗുരുവായൂർ ഏകാദശിക്ക് കണ്ണനെ തൊഴാൻ പതിനായിരങ്ങൾ ശനിയാഴ്ച ഗുരുവായൂരിലെത്തും. ദശമി ദിവസമായ വെള്ളിയാഴ്ച നിർമാല്യത്തിന് തുറന്നിട്ട ശ്രീലകം ഇനി ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസമായ ഞായറാഴ്ച രാവിലെ ഒൻപതിനേ അടയ്ക്കൂ. അത്രയും മണിക്കൂറുകൾ കണ്ണനെ തൊഴാം.

To advertise here,

ഏകാദശി ദിവസം വരിയിൽനിന്ന് തൊഴുന്നവർക്കാണ് മുൻഗണന. വി.ഐ.പി.കൾക്ക് രാവിലെ അഞ്ചുമുതൽ വൈകീട്ട് അഞ്ചുവരെ പ്രത്യേക ദർശനം അനുവദിക്കില്ല. തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിൽ ശയനപ്രദക്ഷിണവും അടിപ്രദക്ഷിണവും ഒഴിവാക്കി. ക്ഷേത്രത്തിൽ രാവിലെ കാഴ്ചശ്ശീവേലിക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ മേളമുണ്ടാകും.

ഗുരുവായൂരിൽസ്ത്രീകൾക്ക് പ്രത്യേക വരി

ഗുരുവായൂർ ക്ഷേത്രദർശനത്തിന് സ്ത്രീകൾക്കായി പ്രത്യേകം വരി ഏർപ്പെടുത്താൻ തീരുമാനം.

കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കും തനിച്ചുവരുന്ന സ്ത്രീകൾക്കും ഇത് പ്രയോജനപ്പെടുത്താം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളേയും വരിയിൽ നിർത്താം. ഡിസംബർ ഒന്നുമുതൽ ഈ സംവിധാനം നടപ്പാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് പത്രസമ്മേളനത്തിൽ അറിയിച്ചു. കുടുംബസമേതം വരുന്നവരിലെ സ്ത്രീകൾക്ക് പൊതുവരിയിൽ നിൽക്കാം.

മുതിർന്ന പൗരൻമാർക്കും തദ്ദേശവാസികൾക്കും പ്രത്യേകം വരികളുണ്ട്. അതുപോലെ, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്ക് പ്രത്യേകമായുള്ള ക്യൂ വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് മലപ്പുറം തേഞ്ഞിപ്പലം തുണിചലിപ്പാറ വീട്ടിൽ ടി. ദീപ ഇക്കഴിഞ്ഞ ഒക്ടോബറിൽ അഡ്മിനിസ്‌ട്രേറ്റർക്ക് നിവേദനം നൽകിയിരുന്നു.

വെള്ളിയാഴ്ച ചേർന്ന ദേവസ്വം ഭരണസമിതി യോഗം ഇക്കാര്യം ചർച്ച ചെയ്തപ്പോഴാണ് സ്ത്രീകൾക്ക് മൊത്തത്തിൽ പ്രത്യേകം വരിയാകാമെന്ന തീരുമാനത്തിലെത്തിയത്. പത്രസമ്മേളനത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.എസ്. ബാലഗോപാൽ, എം.യു. ഷിനിജ, അഡ്മിനിസ്‌ട്രേറ്റർ എസ്. ഹരിഗോപാൽ എന്നിവരും പങ്കെടുത്തു.