തൃശ്ശൂര്‍: താന്‍ ഒപ്പിടേണ്ട ഫയലുകള്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മേല്‍. തൃശ്ശൂരില്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

ഒരു സംസ്ഥാനത്തെ യുണിവേഴ്‌സിറ്റിയുടെ തലവനെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞിട്ട് അവരെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ലെന്ന് മോഹനന്‍ കുന്നുമ്മല്‍ ചോദിച്ചു. കേരള സര്‍വകലാശാലയില്‍ ചെല്ലണമെന്ന് എനിക്ക് നിര്‍ബന്ധമൊന്നുമില്ല. അവിടുത്തെ പാവപ്പെട്ട വിദ്യാര്‍ഥികളെ ഓര്‍ത്താണ് എനിക്ക് വിഷമം. ഫയലുകള്‍ എനിക്ക് ഓണ്‍ലൈനായി നോക്കാന്‍ സാധിക്കും. എന്നാല്‍ ഓണ്‍ലൈനായി നോക്കേണ്ട ഫയലുകള്‍ തടയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

വിസിയുടെ അധികാരം നിര്‍വചിച്ചത് മുന്‍ രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണനാണ്. വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം കൂടുതല്‍ അധികാരം നല്‍കിയത് വിദ്യാഭ്യാസ വിചക്ഷണന്‍ എന്ന നിലയില്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യണമെന്ന നിലയിലാണ്. സിന്‍ഡിക്കേറ്റ് വി.സിയുടെ ഉപദേശക സമിതിയാണ്. സിന്ഡിക്കേറ്റ് ഇല്ലാത്ത സമയത്തൊക്കെ വി.സിക്കാണ് സിന്‍ഡിക്കേറ്റിന്റെ കൂടി അധികാരം. സെനറ്റ് ചേരാത്ത സമയത്ത് വിസിക്കാണ് സെനറ്റിന്റെയും അധികാരം. അക്കാദമിക് കൗണ്‍സില്‍ ചേരാത്ത സമയത്ത് അതിന്റെ അധികാരവും വിസിക്ക് ഉപയോഗിക്കാം.  അതാണ് നിയമം. 

ഇത്തരം സാചര്യങ്ങളില്‍ വി.സിക്ക് തീരുമാനമെടുക്കാം. പിന്നീട് അതാത് സമിതികള്‍ ചേരുമ്പോള്‍ ആ സമിതികളില്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം മതിയെന്നാണ് നിയമത്തില്‍ പറയുന്നത്.  യുണിവേഴ്‌സിറ്റി നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട് സിന്‍ഡിക്കേറ്റ് യോഗം ചേരേണ്ടത് വിസിയുടെ അധ്യക്ഷതയിലായിരിക്കണമെന്ന്. ചിലപ്പോള്‍ വി.സിക്ക് പങ്കെടുക്കാനാകാത്ത സാഹചര്യം വരാം. അപ്പോള്‍ മറ്റൊരാളെ അതിന് ചുമതലപ്പെടുത്താനും വി.സിക്ക് അധികാരമുണ്ട്. 

സര്‍വകലാശാലയില്‍ പ്രതിസന്ധിയുണ്ടാക്കിയത് വി.സിയല്ല. നിങ്ങളുടെ കാലുവെട്ടുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ കേറുമോ, ഞാന്‍ കേറില്ല. എന്റെ പേരില്‍ ഒരു അക്രമം ഉണ്ടാകരുത് എന്നാണ് ആഗ്രഹം. അത് ഡോക്ടറെന്ന നിലയിലുള്ള മുന്‍കരുതലാണ്. രോഗം വരുമ്പോഴല്ല അതിന് മുമ്പെയാണ് ചികിത്സിക്കേണ്ടത് എന്നും വി.സി കൂട്ടിച്ചേര്‍ത്തു. കേരള സര്‍വകലാശാലയില്‍ നടക്കുന്ന വിഷയങ്ങള്‍ ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളസര്‍വകലാശാലയില്‍ തന്നെ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഒരുവിഭാഗം പറയുന്നു. അങ്ങനെയുള്ള സാഹചര്യത്തില്‍ അവിടെയെങ്ങനെ പോകാനാകുമെന്ന് വി.സി ചോദിക്കുന്നു. സര്‍വകലാശാലയിലെ എന്ത് തീരുമാനവും നടപ്പിലാക്കാനുള്ള അധികാരം വി.സിക്കാണ്. വിസിയുടെ അധികാരത്തെ നിയമസഭാ സ്പീക്കറുമായാണ് അദ്ദേഹം ഉപമിച്ചത്.  കേരള നിയമസഭയില്‍ സ്പീക്കര്‍ ഒരു തീരുമാനമെടുത്താല്‍, അതിനെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന് മാറ്റാന്‍ സാധിക്കുമോയെന്ന് മോഹനന്‍ കുന്നുമ്മല്‍ ചോദിച്ചു. 

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിന്‍ഡിക്കേറ്റ് പിന്‍വലിച്ചുവെങ്കില്‍ അതിന്റെ രേഖയെവിടെയെന്ന് വി.സി ചോദിച്ചു. ഇക്കാര്യത്തില്‍ എന്തെങ്കിലും നിയമപ്രശ്‌നമുണ്ടെങ്കില്‍ അതിന് കോടതിയില്‍ പോവുകയാണ് വേണ്ടത്. കേരളത്തില്‍ ആദ്യമായല്ല ഒരാളെ സസ്‌പെന്‍ഡ് ചെയ്യുന്നത്. സര്‍വകലാശാലകള്‍ ജനങ്ങളുടേത് കൂടിയാണ്. അതുകൊണ്ട് അവിടെ ആരുകടക്കണം, കടക്കരുത് എന്ന് തീരുമാനിക്കേണ്ടത് ഒരു പ്രത്യേക സംഘമല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.