കണ്ണൂർ: ആറളത്ത് ആദിവാസി ദമ്പതിമാരെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ ജനരോഷം ശക്തമാകുന്നു. നാട്ടുകാർ ആംബുലൻസ് തടഞ്ഞ് പ്രതിഷേധിക്കുന്നു. കളക്ടറും ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്താതെ മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

To advertise here,

പ്രദേശത്ത് കാട്ടാന ശല്യം അതിരൂക്ഷമാണ്. ജനവാസമേഖലയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കൊല്ലാൻ വേണ്ടി കൊണ്ടാക്കിയതാണോ സർക്കാരെന്നും സർക്കാരിന് ഉത്തരവാദിത്തം വേണ്ടേയെന്നും പ്രദേശവാസികൾ ചോദിക്കുന്നു. ശനിയാഴ്ച രാത്രിയും പ്രദേശത്ത് കാട്ടാന നിലയുറപ്പിച്ചിരുന്നു. ഒരോ ദിവസവും കനത്ത ആശങ്കയോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.

'പരാതി പറഞ്ഞു മടുത്തു. വഴിയിൽ വൈദ്യുതി പോലുമില്ല, ഇന്ന് അവർക്ക് സംഭവിച്ചു. നാളെ ഞങ്ങൾക്കും സംഭവിക്കില്ലേ'എന്നും പ്രദേശവാസികൾ ചോദിക്കുന്നു. കളക്ടറും ഡിഎഫ്ഓയും റേഞ്ച് ഓഫീസറും സ്ഥലത്തെത്താത്തതിലും ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. ബന്ധപ്പെട്ട അധികൃതർ എത്തിചേരാതെ ആംബുലൻസ് കടത്തിവിടില്ലെന്ന നിലപാടിലാണ് നാട്ടുകാർ.

ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവരാണ് കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്. ജനവാസ മേഖലയിലാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആന കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ നിലയുറപ്പിച്ചിരിക്കുന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല.