തൃശ്ശൂർ: അതിരപ്പിള്ളി പുളിയിലപ്പാറയിൽ കാട്ടാന ആക്രമണം. പുലർച്ചെയുണ്ടായ കാട്ടാന ആക്രമണത്തിൽ പലചരക്ക് കടയ്ക്ക് വൻ നാശനഷ്ടം സംഭവിച്ചു. മാളിയക്കൽ പോളിന്റെ ഉടമസ്ഥതയിലുള്ള കടയുടെ മുൻഭാഗത്തെ ഷട്ടറും ചില്ലും തകർത്താണ് കാട്ടാന അകത്തുകയറിയത്.

To advertise here,

കടയ്ക്കുള്ളിൽ കടന്ന ആന പഴങ്ങളും പച്ചക്കറികളും ഭക്ഷിക്കുകയും മറ്റ് പലചരക്ക് സാധനങ്ങൾ വലിയ തോതിൽ നശിപ്പിക്കുകയും ചെയ്തു. ഏകദേശം ഒന്നേകാൽ മണിക്കൂറോളം കടയ്ക്കകത്ത് തന്നെ നിലയുറപ്പിച്ച ആനയെ തുരത്താൻ നാട്ടുകാർ കഠിനമായി പരിശ്രമിച്ചു. നാലേകാലോടെയാണ് ആനയെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞത്.

വാഴച്ചാലിൽ നിന്ന് മലക്കപ്പാറയിലേക്ക് പോകുന്ന വഴിയിലെ പ്രധാന ജംഗ്ഷനായ പുളിയിലപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഏക കടയാണിത്. ഈ മേഖലയിൽ വന്യമൃഗശല്യം നേരത്തെ തന്നെയുണ്ടെങ്കിലും, കടകൾക്ക് നേരെയും ആളുകൾക്ക് നേരെയും ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് ജനങ്ങളുടെ ആശങ്ക വർദ്ധിപ്പിക്കുകയാണ്.