തിരുവനന്തപുരം: ആധുനിക ശാസ്ത്ര-സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് പൊതുവിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2022 ജനുവരി മാസത്തിന് മുമ്പുതന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

To advertise here,

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാന്‍ തയ്യാറെടുക്കല്‍, മാലിന്യനിര്‍മാര്‍ജനം, കുടിവെള്ള സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം തുടങ്ങിയവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും. ലിംഗസമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയും പാഠ്യപദ്ധതിയുടെ ഭാഗമാക്കാന്‍  നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി കേരളത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.

പ്രീ സ്‌കൂള്‍ മുതല്‍ ഹയര്‍സെക്കന്‍ഡറി തലംവരെ സ്‌കൂള്‍ സംവിധാനങ്ങള്‍ ഏകീകരിക്കാനുള്ള പ്രവര്‍ത്തനം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ നടത്തുന്ന വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ മികവാര്‍ന്ന നിലയില്‍ നടപ്പാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തും.

സ്‌കൂളുകളുടെ ഭൗതിക സൗകര്യ വികസനരംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നും വിദ്യാഭ്യാസ മന്ത്രി സഭയില്‍ വ്യക്തമാക്കി. കെട്ടിടങ്ങള്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാകും ഊന്നല്‍. ഫര്‍ണിച്ചറുകള്‍ നവീകരിക്കുന്നതിന് സമഗ്രമായ പദ്ധതി ഉണ്ടാവും. സ്‌കൂളുകളില്‍ സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നതിനും മുന്‍ഗണന നല്‍കും.

പ്രൊഫഷണലിസം വര്‍ദ്ധിപ്പിക്കാന്‍ അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. പ്രൈമറി രംഗത്ത് ക്ലസ്റ്റര്‍ അധിഷ്ഠിത ഇടപെടല്‍ നടത്തും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം 'മഞ്ചാടി', ശാസ്ത്രപഠനം 'മഴവില്ല്' പദ്ധതികള്‍ വിജയിപ്പിക്കാന്‍ വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളില്‍ എത്തുന്ന മുഴുവന്‍ കുട്ടികള്‍ക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനംചെയ്യാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.

content highlights : kerala to restructure curriculum