പിഎംശ്രീ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് എഴുത്തുകാരനും കേരള സാഹിത്യ അക്കാദമി അധ്യക്ഷനുമായ സച്ചിദാനന്ദന്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി കേളു ഏട്ടന്‍ പഠനഗവേഷണ കേന്ദ്രം ഡയറക്ടറും സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമായ കെ.ടി കുഞ്ഞിക്കണ്ണന്‍. സാമ്പത്തിക പ്രതിസന്ധിയില്‍ കീഴടങ്ങുന്നതിനേക്കാള്‍ നല്ലത് ഭരണം ഒഴിയലാണ് എന്നായിരുന്നു സച്ചിദാനന്ദന്‍ പിഎംശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. സച്ചിദാനന്ദന്‍ നടത്തിയത് അലസവും നിരുത്തരവാദിത്തപരമായ പ്രസ്താവനയാണെന്ന് കെ.ടി കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കെ.ടി കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
വളരെ ഖേദപൂര്‍വ്വം പ്രിയപ്പെട്ട സച്ചിമാഷോട് പറയട്ടെ,
ബിജെപിയുടെ ഏകാത്മദേശീയതക്കും കോര്‍പ്പറേറ്റ് വികസനനയങ്ങള്‍ക്കും ബദലുയര്‍ത്തിക്കൊണ്ട് മുന്നോട്ട്‌പോകുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളമെന്ന് വിസ്മരിച്ചുകൊണ്ടുള്ള ഇത്രയും അലസവും നിരുത്തരവാദപരവുമായൊരു പ്രസ്താവന അങ്ങയെപ്പോലൊരാളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലായിരുന്നു. വിമര്‍ശനങ്ങള്‍ക്കും ജാഗ്രതപ്പെടുത്തലുകള്‍ക്കും പകരം കാര്യം മനസിലാക്കാതെയുള്ള ഇടതുപക്ഷവിരുദ്ധരുടെ കല്ലേറുകള്‍ക്കൊപ്പം താങ്കളെപ്പോലൊരാള്‍ ഒരിക്കലും ചേരാന്‍ പാടില്ലായിരുന്നുവെന്ന് പറയാതെവയ്യ.
ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്ക് കൂടി അവകാശമുള്ള ക്രമസമാധാനം, കൃഷി, വിദ്യാഭ്യാസം, സഹകരണം തുടങ്ങിയ വിഷയങ്ങളില്‍ ഫെഡറലിസത്തെ ഹനിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നീക്കങ്ങള്‍ക്കിടയിലാണ് കേരളമതിന്റെ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളും ബദല്‍ നയങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നത്.
വളരെ സങ്കീര്‍ണ്ണമായ വെല്ലുവിളികളാണ് ഇന്ത്യയിലെ ഏക ഇടതുപക്ഷ സര്‍ക്കാറിന് മുന്നില്‍ കോര്‍പ്പറേറ്റ്ഹിന്ദുത്വ ഭരണകൂടം ഉയര്‍ത്തിയിരിക്കുന്നത്.
സംസ്ഥാന വിഷയങ്ങളിലെല്ലാം സംസ്ഥാനങ്ങളോട് ആലോചിക്കാതെ കരാറുകളും നിയമനിര്‍മ്മാണങ്ങളും തുടര്‍ച്ചയായി അടിച്ചേല്പിക്കുകയാണ് മോദി സര്‍ക്കാര്‍.
ഭരണഘടനയുടെ സഹകരണാത്മക ഫെഡറലിസത്തെ തകര്‍ത്ത് കോര്‍പ്പറേറ്റ് ഫെസറലിസത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കയാണ് മോദിസര്‍ക്കാര്‍.
പുത്തന്‍ വിദ്യാഭ്യാസനയവും കേന്ദ്രപദ്ധതികളുമെല്ലാം ഏകപക്ഷീയമായി അടിച്ചേല്പിച്ചതാണെന്നും അതിന്റെ വര്‍ഗീയവല്‍ക്കരണ വാണിജ്യവല്‍ക്കരണ അജണ്ടയെ ഒരു സംസ്ഥാന സര്‍ക്കാറിന്റെ പരിധിക്കകത്ത് നിന്ന് പ്രതിരോധിച്ചു കൊണ്ടാണ് കേരളം പൊതുവിദ്യാഭ്യാസ രംഗത്തെ വിസ്മയകരമായ
നേട്ടങ്ങള്‍ കൈവരിച്ചിരിക്കുതെന്നവസ്തുതയും അങ്ങയ്ക്ക് എങ്ങിനെയാണ് കാണാതിരിക്കാനാകുന്നത്?
NEP പ്രകാരമുള്ള എന്‍സിഇആര്‍ടി മുന്നോട്ടുവെച്ച വര്‍ഗീയ അജണ്ടയില്‍ നിന്നുള്ള എല്ലാ പാഠഭാഗങ്ങളും ധീരമായി തള്ളിക്കളഞ്ഞ സംസ്ഥാനമാണ് കേരളം. മുഗള ചരിത്രത്തെയും ഗാന്ധിവധത്തെയും സംബന്ധിച്ച എന്‍സിആര്‍ടി പാഠങ്ങള്‍ പഠിപ്പിക്കില്ലെന്ന് ഉറച്ച തീരുമാനമെടുത്ത സര്‍ക്കാറാണ് കേരളത്തിലുള്ളത്.
അതുകൊണ്ടൊക്കെ തന്നെയാണ് അര്‍ഹതപ്പെട്ട ഫണ്ടുകളും കേന്ദ്രവിഹിതവും കേരളത്തിന് നിരന്തരം നിഷേധിച്ചുകൊണ്ടിരിക്കുന്നതും.
ഭരണഘടനയുടെയും നിയമങ്ങളുടെയും വ്യവസ്ഥകള്‍ നല്‍കുന്ന സാധ്യതകളെ സൂക്ഷ്മതലത്തില്‍ കണ്ടെത്തി കേന്ദ്രനയത്തെ വിട്ടുവീഴ്ചയില്ലാതെ പ്രതിരോധിച്ച് കേരളത്തിന്റെ ധനപരമായ വിഹിതം വാങ്ങിയെടുക്കുകയാണ് ഇക്കാലമത്രയും ഇടതുപക്ഷസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
പിഎം ശ്രീയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നതും.
സൈദ്ധാന്തിക പ്രതിപക്ഷമായിരിക്കുകയെന്നതല്ല കേരളത്തില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത ഒരു സര്‍ക്കാറിനെ നയിക്കുന്ന ഇടതുപക്ഷത്തിന്റെ സമീപനം.
കേന്ദ്രഭരണകൂടഘടനയുടെ പരിമിതിക്കകത്ത് നിന്ന് കോര്‍പ്പറേറ്റ് ഹിന്ദുത്വനയങ്ങളെ പ്രതിരോധിച്ച് പരമാവധി ജനകീയതാല്പര്യങ്ങളെ സംരക്ഷിച്ച് മുന്നോട്ട് പോകുകയെന്നതാണ്.
*edited(9.00am/27.10.25)
Published: 27 Oct 2025, 09:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented