
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിനെ ധനപരമായി ഒതുക്കാൻ കേന്ദ്രം ശ്രമിക്കുന്നുവെന്ന വിമർശനം ബജറ്റ് പ്രസംഗത്തിലും ആവർത്തിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്രം ആവോളം ഞെരുക്കിയിട്ടും കേരളം എങ്ങനെ പിടിച്ചുനിന്നുവെന്നത് ഒരു പരമരഹസ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രനീക്കം തുടക്കത്തിലേതന്നെ മന്ത്രി കണക്കുകൂട്ടിയിരുന്നത്രേ.
''നമ്മളും അരിയാഹാരം കഴിക്കുന്നവരല്ലേ. അതുകൊണ്ട് അപകടം മുൻകൂട്ടി കാണാൻ കഴിഞ്ഞു. അതനുസരിച്ച് ചെലവു ക്രമീകരിച്ചും തനതുവരുമാനം കൂട്ടിയും പ്രതിരോധക്കോട്ടകെട്ടി'' -മന്ത്രി പറഞ്ഞു.
ഇതാ ആ മാന്ത്രിക ദണ്ഡ്
അഞ്ചുവർഷംകൊണ്ട് 1.52 ലക്ഷം കോടിയുടെ നികുതി വരുമാനം അധികം പിരിച്ചെടുക്കാൻ കഴിഞ്ഞതാണ് ധനമന്ത്രിയുടെ മാന്ത്രിക ദണ്ഡെന്ന് ബാലഗോപാൽ. 1.27 ലക്ഷം കോടിയുടെ തനതുവരുമാനവും 24,898 കോടിയുടെ നികുതിയിതര വരുമാനവും അധികമായി സമാഹരിച്ചു. അന്തിമ കണക്കിൽ ഇത് ഇനിയുമുയരും.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വർഷം ശരാശരി കിട്ടിയിരുന്ന തനത് വരുമാനം 47,553 കോടിയായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് ഇത് 73,000 കോടിയായി. നടപ്പ് സാമ്പത്തികവർഷം 83,731 കോടിയാണ് പ്രതീക്ഷിക്കുന്നത്.
വരുന്ന സാമ്പത്തികവർഷം കേരളം പ്രതീക്ഷിക്കുന്ന ചെലവ് 2.18 ലക്ഷം കോടിയാണ്. ആദ്യമായാണ് സംസ്ഥാനത്തിന്റെ ചെലവ് രണ്ടുലക്ഷം കോടി കടക്കുന്നത്. നടപ്പുവർഷത്തെ ചെലവ് 1.93 ലക്ഷം കോടിയായിരിക്കും. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ശരാശരി വാർഷികച്ചെലവ് 68,028 കോടി മാത്രമായിരുന്നു. ഈ സർക്കാരിന്റേത് 1.69 ലക്ഷം കോടിയും.
വോട്ടുചോരി. നോട്ടുചോരി
രാജ്യത്ത് വോട്ടുചോരി മാത്രമല്ല, നോട്ടുചോരിയും നടക്കുന്നു. കേരളത്തിന് കിട്ടാനുള്ളതെല്ലാം കേന്ദ്രം നിഷേധിക്കുന്നതിനെയാണ് നോട്ടുചോരി എന്ന് ധനമന്ത്രി വിശേഷിപ്പിച്ചത്. സിഎജിയുടെ സംസ്ഥാനങ്ങളെ സംബന്ധിച്ച റിപ്പോർട്ട് കേരളത്തെ മുക്തകണ്ഠം പ്രശംസിച്ചതായും മന്ത്രി പറഞ്ഞു.
സർക്കാരിനെ പ്രതിസന്ധി ഘട്ടത്തിൽ പിടിച്ചുനിൽക്കാൻ സഹായിച്ച നികുതിദായകർക്ക് പുരസ്‌കാരവും മന്ത്രി പ്രഖ്യാപിച്ചു. സത്യസന്ധമായി നികുതി നൽകുന്നവരെ ആദരിക്കാൻ അഞ്ചുകോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചത്. നികുതി നൽകിയവരെയും പിരിച്ചെടുക്കാൻ ഉത്സാഹിച്ച ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു.
Content Highlights: Kerala collects ₹1.52 lakh crore in additional taxes, defying central government pressure. Discover how the state achieved financial resilience.
Published: 30 Jan 2026, 07:01 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented