ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരുന്നതെന്നും മന്ത്രി വ്യക്തമാക്കി

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ഐഎഫ്എഫ്‌കെ) തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്. ഐഎഫ്എഫ്‌കെ ഈ വർഷം ഡിസംബറിലും തിരുവനന്തപുരത്ത് തന്നെ നടക്കും. മുഖ്യമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ച ഫിലിം സിറ്റിയാണ് കൊച്ചിയിൽ വരുന്നതെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
'തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ വേദി ഈ സർക്കാർ കൊച്ചിയിലേക്ക് മാറ്റാൻ പോകുന്നു, തിരുവനന്തപുരത്തിന് അത് നഷ്ടമാകുന്നു എന്ന തരത്തിലൊക്കെയുള്ള പ്രചാരണം ബജറ്റ് പ്രഖ്യാപിച്ച ശേഷം ഉണ്ടാകുന്നുണ്ട്. അത് അടിസ്ഥാനരഹിതമാണ്. ഞാൻ അടിവരയിട്ട് പറയുന്നു, അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ വർഷവും ഡിസംബറിൽ തിരുവനന്തപുരത്ത് വെച്ച് തന്നെ നടത്താനാണ് നമ്മൾ തീരുമാനിച്ചിട്ടുള്ളത്. അതിന്റെ വേദി മാറില്ല.' -മന്ത്രി പറഞ്ഞു.
'മുഖ്യമന്ത്രി പ്രഖ്യാപിച്ച ഫിലിം സിറ്റി വരാൻ പോകുന്നത് കൊച്ചിയിലായിരിക്കും. ഇന്ത്യയിൽ തന്നെ മാതൃകയാകുന്ന ഫിലിം സിറ്റിയായിരിക്കും ഇത്. മലയാള സിനിമകൾക്കും മറ്റ് ഭാഷകളിലെ സിനിമകൾക്കും ഷൂട്ടിങ്ങിന് ഉൾപ്പെടെ സൗകര്യമുള്ള വലിയ സംരംഭമായിരിക്കും അത്. ഐഎഫ്എഫ്‌കെ തിരുവനന്തപുരത്തും ഫിലിം സിറ്റി കൊച്ചിയിലുമായിരിക്കും. അത്തരത്തിൽ ഒരുപാട് കാര്യങ്ങൾ നമ്മൾ സിനിമയ്ക്ക് വേണ്ടി ചെയ്യുകയാണ്. സിനിമയെ വ്യവസായമാക്കുക എന്ന ചലച്ചിത്രമേഖലയിലെ സംഘടനകളുടെ എത്രയോ കാലത്തെ ആവശ്യം നമ്മൾ അംഗീകരിച്ചിരിക്കുകയാണ്.' -പി.സി. വിഷ്ണുനാഥ് പറഞ്ഞു.
കൊച്ചിയിൽ ജെ.സി. ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി സ്ഥാപിക്കുമെന്നും അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഐഎഫ്എഫ്‌കെ തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റുന്നുവെന്ന പ്രചാരണത്തിന് അടിസ്ഥാനമായത്. പിന്നാലെ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രതിഷേധം ഉയരുകയും സ്ഥിരം വേദി മാറ്റുന്നത് മേളയുടെ അംഗീകാരം നഷ്ടപ്പെടാൻ കാരണമാകുമെന്ന തരത്തിൽ ചർച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു.
Published: 21 Jun 2026, 08:20 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented