രു കഥ കൊണ്ട് തുടങ്ങാം, 1990-കളുടെ അവസാനത്തിൽ ലോകത്തിലെ ഏറ്റവും ശക്തമായ ടെക്നോളജി കമ്പനികളിലൊന്നായ ഇന്റൽ (Intel) ഒരു വിചിത്രമായ പ്രതിസന്ധി നേരിട്ടു. വ്യക്തിഗത കമ്പ്യൂട്ടറുകളുടെ ഹൃദയമായി പ്രവർത്തിച്ചിരുന്ന മൈക്രോപ്രോസസറുകളുടെ വിപണിയിൽ ഇന്റൽ അതിശക്തമായ സാന്നിധ്യമായിരുന്നെങ്കിലും, ഉപഭോക്താക്കളുടെ മനസ്സിൽ അവർക്ക് യാതൊരു സാന്നിധ്യവും ഉണ്ടായിരുന്നില്ല. ഉപഭോക്താക്കൾ ഡെൽ വാങ്ങി, എച്ച്.പി വാങ്ങി, ഐ.ബി.എം വാങ്ങി, കോംപാക്ക് വാങ്ങി. എന്നാൽ ഇവയുടെയെല്ലാം ഉള്ളിൽ പ്രവർത്തിച്ചിരുന്ന ഇന്റലിനെ ആരും ശ്രദ്ധിച്ചില്ല. ഇന്റൽ എല്ലായ്‌പ്പോഴും 'inside' മാത്രമായിരുന്നു.

To advertise here,

മത്സരം കടുത്തപ്പോൾ ഇന്റൽ ഒരു വലിയ സത്യം തിരിച്ചറിഞ്ഞു. അദൃശ്യമായിരിക്കുന്നത് അപകടകരമാണ്. Invisible ആയാൽ replaceable ആകും. അതോടെ അവർ ടെക്നോളജി വിശദീകരിക്കാനോ മൈക്രോപ്രോസസറുകളുടെ സാങ്കേതിക മികവ് ഉപഭോക്താക്കളെ പഠിപ്പിക്കാനോ ശ്രമിച്ചില്ല. പകരം അവർ ഉപഭോക്താവിന്റെ മനസ്സിൽ ഒരു പുതിയ ചോദ്യം സൃഷ്ടിച്ചു. ''ഞാൻ ഏത് കമ്പ്യൂട്ടർ വാങ്ങണം?'' എന്ന ചോദ്യത്തെ ''അതിന്റെ ഉള്ളിൽ എന്താണ്?'' എന്ന ചോദ്യമാക്കി മാറ്റി. അങ്ങനെ ജനിച്ചു ലോകത്തിലെ ഏറ്റവും വിജയകരമായ ബ്രാൻഡിംഗ് ആശയങ്ങളിലൊന്നായ 'Intel Inside'.

ഇന്റൽ യഥാർത്ഥത്തിൽ ചെയ്തത് ഒരു സാധാരണ ഘടകത്തെ വിശ്വാസത്തിന്റെ പ്രതീകമാക്കി മാറ്റുകയായിരുന്നു. ഒരു കമ്പ്യൂട്ടറിന്റെ ഉള്ളിൽ ഇന്റൽ ഉണ്ടെങ്കിൽ അത് നല്ലതായിരിക്കുമെന്ന വിശ്വാസം അവർ ഉപഭോക്താക്കളുടെ മനസ്സിൽ സ്ഥാപിച്ചു. അതായിരുന്നു അവരുടെ വിജയത്തിന്റെ രഹസ്യം.

കേരള സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ''ബ്രാൻഡ് കേരളം'' എന്ന ആശയം കേൾക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ഈ ഇന്റൽ കഥയാണ്. കാരണം ബ്രാൻഡ് കേരളവും അടിസ്ഥാനപരമായി ഒരു ഉൽപ്പന്ന ബ്രാൻഡ് അല്ല. അത് കുരുമുളകിനോടോ ഏലയ്ക്കയോടോ കശുവണ്ടിയോടോ ആയുർവേദ ബ്രാൻഡുകളോടോ മത്സരിക്കേണ്ട ഒന്നല്ല. മറിച്ച് അവയെല്ലാം കൂടുതൽ വിശ്വാസ്യതയുള്ളതും കൂടുതൽ മൂല്യമുള്ളതുമാക്കി മാറ്റാൻ കഴിയുന്ന ഒരു പൊതുബ്രാൻഡാണ്.

ഇന്റൽ ഡെല്ലിനെയോ എച്ച്.പിയെയോ മാറ്റിസ്ഥാപിച്ചില്ല. പകരം അവയെ കൂടുതൽ വിശ്വാസ്യതയുള്ള ബ്രാൻഡുകളാക്കി. അതുപോലെ ബ്രാൻഡ് കേരളത്തിനും കേരളത്തിലെ ആയിരക്കണക്കിന് ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കും സ്ഥാപനങ്ങൾക്കും അധിക വിശ്വാസ്യത നൽകാൻ കഴിയും. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും മികച്ച ആശയങ്ങളിലൊന്നായി ഞാൻ ബ്രാൻഡ് കേരളത്തെ കാണുന്നത്.

സാധാരണയായി സർക്കാരുകൾ ഉൽപ്പാദനത്തെക്കുറിച്ചും വ്യവസായ പാർക്കുകളെക്കുറിച്ചും റോഡുകളെക്കുറിച്ചും അടിസ്ഥാന സൗകര്യ വികസനത്തെക്കുറിച്ചുമാണ് സംസാരിക്കാറുള്ളത്. എന്നാൽ ബ്രാൻഡിംഗും സാമ്പത്തിക വളർച്ചയുടെ ഒരു പ്രധാന ഉപാധിയാണെന്ന് തിരിച്ചറിഞ്ഞതാണ് ഈ പ്രഖ്യാപനത്തിന്റെ പ്രത്യേകത. ഉൽപ്പന്നങ്ങളുടെ മൂല്യം ഫാക്ടറികളിലും കൃഷിയിടങ്ങളിലും മാത്രമല്ല, ഉപഭോക്താക്കളുടെ മനസ്സുകളിലും സൃഷ്ടിക്കപ്പെടുന്നുവെന്ന് പുതിയ സർക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ ബ്രാൻഡ് കേരളം ഒരു മാർക്കറ്റിങ് പദ്ധതി മാത്രമല്ല, കേരളത്തിന്റെ ഭാവി സമ്പദ്വ്യവസ്ഥയെ രൂപപ്പെടുത്താൻ കഴിയുന്ന ഒരു സാമ്പത്തിക വികസന തന്ത്രമാണ്.

ലോകത്തിലെ ഏറ്റവും വിജയകരമായ പല സമ്പദ്വ്യവസ്ഥകളും ഈ സത്യം വർഷങ്ങൾക്ക് മുമ്പേ മനസ്സിലാക്കിയവരാണ്. സ്വിറ്റ്‌സർലൻഡ് വാച്ചുകൾ മാത്രമല്ല വിൽക്കുന്നത്. അവർ precision ആണ് വിൽക്കുന്നത്. ഇറ്റലി ഫാഷൻ മാത്രമല്ല വിൽക്കുന്നത്. അവർ craftsmanship ഉം lifestyle ഉം വിൽക്കുന്നു. ജർമ്മനി യന്ത്രങ്ങൾ മാത്രമല്ല വിൽക്കുന്നത്. അവർ reliability വിൽക്കുന്നു. ജപ്പാൻ ഇലക്ട്രോണിക്‌സ് മാത്രമല്ല വിൽക്കുന്നത്. അവർ perfection വിൽക്കുന്നു. ഈ രാജ്യങ്ങളൊന്നും അവരുടെ ഉൽപ്പന്നങ്ങൾ മാത്രം ബ്രാൻഡ് ചെയ്തിട്ടില്ല. അവർ അവരുടെ രാജ്യത്തെ തന്നെ ഒരു ബ്രാൻഡാക്കി മാറ്റിയിട്ടുണ്ട്.

ഇന്ന് ലോകം ജീവിക്കുന്നത് ഒരുപോലുള്ള ഉൽപ്പന്നങ്ങൾ നിറഞ്ഞ ഒരു കാലഘട്ടത്തിലാണ്. സാങ്കേതിക വിദ്യയും ഉൽപ്പാദന ശേഷിയും വ്യാപകമായതോടെ ഒരു ഉൽപ്പന്നത്തിന്റെ സവിശേഷതകൾ വളരെ വേഗം അനുകരിക്കപ്പെടുന്നു. എന്നാൽ അനുകരിക്കാനാകാത്ത ഒന്നുണ്ട്. അതാണ് അതിന്റെ ഉത്ഭവസ്ഥാനം. അതുകൊണ്ടാണ് ഇന്ന് 'Origin is the new Premium' എന്ന് ലോകം പറയുന്നത്. ഒരു ഉപഭോക്താവ് ഇന്ന് ഉൽപ്പന്നം വാങ്ങുന്നതിന് മുമ്പ് അത് എവിടെ നിന്നാണ് വരുന്നത്, ആരാണ് നിർമ്മിച്ചത്, എങ്ങനെയാണ് നിർമ്മിച്ചത്, അത് വിശ്വസിക്കാമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ചോദിക്കുന്നു. ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയുന്ന ഒരു വിശ്വാസമുദ്രയായി ബ്രാൻഡ് കേരളം മാറണം.

കേരളത്തിന് അതിനുള്ള എല്ലാ യോഗ്യതകളും ഉണ്ട്. കാരണം ലോകം ഇതിനകം തന്നെ കേരളത്തെ വിശ്വസിക്കുന്നു. കേരളത്തിന്റെ കുരുമുളകിനെയും ഏലയ്ക്കയെയും ആയുർവേദത്തെയും സമുദ്രോൽപ്പന്നങ്ങളെയും മാത്രമല്ല, കേരളത്തിന്റെ മനുഷ്യരെയും ലോകം വിശ്വസിക്കുന്നു. യഥാർത്ഥത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ കയറ്റുമതി ഒരു ഉൽപ്പന്നമല്ല. മനുഷ്യ മൂലധനമാണ്. കേരളത്തിലെ നഴ്സുമാരെ ലോകം വിശ്വസിക്കുന്നു. കേരളത്തിലെ ആരോഗ്യപ്രവർത്തകരെ ലോകം ബഹുമാനിക്കുന്നു. കേരളത്തിലെ വിദ്യാർത്ഥികളെ ലോകം സ്വീകരിക്കുന്നു. കേരളത്തിലെ പ്രൊഫഷണലുകൾക്ക് ആഗോള തൊഴിൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. ഈ വിശ്വാസ്യതയാണ് കേരളത്തിന്റെ ഏറ്റവും വലിയ ബ്രാൻഡ് ആസ്തി.

അതിനാൽ ബ്രാൻഡ് കേരളത്തെ കാർഷിക ഉൽപ്പന്നങ്ങളുടെ പരിധിയിൽ മാത്രം ഒതുക്കരുത്. ആരോഗ്യം, വിദ്യാഭ്യാസം, വെൽനസ്, ടൂറിസം, സേവനമേഖല എന്നിവയിലും അത് ശക്തമായ ഒരു endorsement ആയി പ്രവർത്തിക്കണം. പ്രത്യേകിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും കേരളം ഇതിനകം നേടിയെടുത്ത ആഗോള വിശ്വാസ്യതയെ കൂടുതൽ ശക്തിപ്പെടുത്താൻ ബ്രാൻഡ് കേരളത്തിന് കഴിയും. കോവിഡ് മഹാമാരിക്കാലത്ത് കേരളം ലോകശ്രദ്ധ നേടിയത് ആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമത കൊണ്ടായിരുന്നു. ആ കാലഘട്ടത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വവും ആരോഗ്യ സംവിധാനത്തിന്റെ സുതാര്യതയും കേരളത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാൻ സഹായിച്ചു. ഇന്ന് ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തുന്ന അന്താരാഷ്ട്ര രോഗികളുടെ എണ്ണം വർധിക്കുന്നത് യാദൃശ്ചികമല്ല. അത് വർഷങ്ങളായി സമ്പാദിച്ച വിശ്വാസത്തിന്റെ ഫലമാണ്.

അതേസമയം ബ്രാൻഡ് കേരളത്തിന്റെ വിജയം ഒരു ലോഗോ ഉണ്ടാക്കുന്നതിലോ ഒരു സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിലോ അല്ല. ഇന്റൽ ഇൻസൈഡ് വിജയിച്ചത് അത് ഒരു സ്റ്റിക്കർ ആയതുകൊണ്ടല്ല. അത് ഒരു വാഗ്ദാനം ആയതുകൊണ്ടാണ്. അതുപോലെ ബ്രാൻഡ് കേരളവും ഒരു വാഗ്ദാനമായിരിക്കണം. ഗുണമേന്മയുടെ വാഗ്ദാനം. വിശ്വാസത്തിന്റെ വാഗ്ദാനം. ആധികാരികതയുടെ വാഗ്ദാനം. തൊഴിലാളികളുടെ അന്തസ്സിനോടുള്ള പ്രതിബദ്ധതയുടെ വാഗ്ദാനം. പരിസ്ഥിതി ഉത്തരവാദിത്തത്തിന്റെ വാഗ്ദാനം.

ലോകം ഇന്ന് സർട്ടിഫിക്കറ്റുകളേക്കാൾ സംസ്‌കാരങ്ങളെയാണ് വിശ്വസിക്കുന്നത്. കേരളത്തിന് വിശ്വസിക്കാവുന്ന ഒരു സംസ്‌കാരമുണ്ട്. ആരോഗ്യരംഗത്തും വിദ്യാഭ്യാസരംഗത്തും സാമൂഹിക വികസനത്തിലും മനുഷ്യ പരിഗണനയിലും കേരളം നേടിയെടുത്ത ആ വിശ്വാസ്യതയെ സാമ്പത്തിക ശക്തിയാക്കി മാറ്റാനുള്ള ശ്രമമായാണ് ഞാൻ ബ്രാൻഡ് കേരളത്തെ കാണുന്നത്.

ഇന്റലിന് വിശ്വാസം ആദ്യം മുതൽ സൃഷ്ടിക്കേണ്ടി വന്നു. കേരളത്തിന് ആ ആവശ്യമില്ല. ലോകം കേരളത്തെ ഇതിനകം വിശ്വസിക്കുന്നുണ്ട്. ബ്രാൻഡ് കേരളത്തിന്റെ ദൗത്യം പുതിയൊരു കഥ സൃഷ്ടിക്കുകയല്ല. ലോകം വർഷങ്ങളായി കേരളത്തെക്കുറിച്ച് വിശ്വസിച്ചിരുന്ന സത്യത്തെ ആത്മവിശ്വാസത്തോടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും അതിനെ സാമ്പത്തിക മൂല്യമായി മാറ്റുകയും ചെയ്യുക മാത്രമാണ്.

അതാണ് ബ്രാൻഡ് കേരളത്തിന്റെ യഥാർത്ഥ ശക്തി. അത് ഒരു ബ്രാൻഡിംഗ് പദ്ധതി മാത്രമല്ല. കേരളത്തിന്റെ വിശ്വാസ്യതയെ സമ്പത്തിലേക്ക് മാറ്റാനുള്ള ഒരു സാമ്പത്തിക കാഴ്ചപ്പാടാണ്. കേരളത്തിന്റെ moral surplus നെ economic power ആക്കി മാറ്റാനുള്ള ഒരു ചരിത്രപരമായ അവസരമാണ്.

(പ്രമുഖ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റും, ബസ്‌സ്റ്റോപ് ബ്രാൻഡ് കൺസൽട്ടൻസിയുടെ സ്ഥാപകനുമാണ് ലേഖകൻ)