കോമൺവെൽത്ത് ഗെയിംസിൽ ഇടിക്കൂട്ടിൽനിന്ന് ഇന്ത്യ നേടിയെടുത്തത് ഏഴു സ്വർണവും മൂന്നു വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ. ഒരു കോമൺവെൽത്ത് ഗെയിംസിൽ ബോക്‌സിങ്ങിൽ ഏതെങ്കിലുമൊരു രാജ്യം ആദ്യമായാണ് ഇത്രയും സ്വർണം നേടുന്നത്. 2018-ൽ മൂന്നു സ്വർണം ഉൾപ്പെടെ ഒൻപതു മെഡൽ നേടിയതായിരുന്നു ഇന്ത്യയുടെ മികച്ച പ്രകടനം. 2022-ൽ ബർമിങ്ങാമിൽ ഇന്ത്യയുടെ നേട്ടം മൂന്നു സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമുൾപ്പെടെ ഏഴു മെഡലായിരുന്നു.

To advertise here,

14 ബോക്‌സർമാരാണ് കോമൺവെൽത്തിനുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്നത്. ഏഴു പുരുഷന്മാരും അത്രതന്നെ വനിതകളും. 14 സ്വർണ മെഡലുകളാണ് ആകെ ബോക്‌സിങ്ങിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴു സ്വർണവും ഇന്ത്യക്കാണ്. വനിതകളിലെ ഏഴു വിഭാഗത്തിലെ അഞ്ചിലും ഇന്ത്യക്കാണ് സ്വർണം. ഒരു വെള്ളിയും കിട്ടി. പുരുഷന്മാർ രണ്ടു സ്വർണവും രണ്ടു വെള്ളിയും നേടി.

ഭിവാനിക്കരുത്ത്

ബോക്‌സിങ്ങിന്റെ കാര്യത്തിൽ ഇന്ത്യയുടെ ക്യൂബ എന്നറിയപ്പെടുന്ന സ്ഥലമാണ് ഹരിയാണയിലെ ഭിവാനി. ഇത്തവണ കോമൺവെൽത്തിൽ വനിതകൾ നേടിയ അഞ്ചു സ്വർണത്തിനു പിന്നിലും ഭിവാനിയുടെ കൈകളുണ്ട്. നാലു സ്വർണമെഡലുകൾ നേടിയത് ഭിവാനിക്കാരാണ്.

പ്രീതിപവാർ (54 കിലോ), ജെയ്‌സ്മിൻ ലംബോറിയ (57 കിലോ), സാക്ഷി ചൗധരി (51 കിലോ), പ്രിയ ഗാംഗ്ഹാസ് (60 കിലോ) എന്നിവർ ഭിവാനിക്കാരാണ്. അരുന്ധതി ചൗധരി (70 കിലോ) രാജസ്ഥാൻ സ്വദേശിയാണെങ്കിലും ഭിവാനിയിൽ പരിശീലനം നേടിയ താരമാണ്. പുരുഷന്മാരിൽ സച്ചിൻ സിവാഷ് (60 കിലോ) ഭിവാനിക്കാരനാണ്. അങ്കുഷ് പംഘൽ(80 കിലോ) ഹരിയാണയിലെ ഹിസാർ സ്വദേശിയാണ്. വെള്ളി നേടിയ നരേന്ദർ ബെർവാളും(90+ കിലോ) ഹിസാർ സ്വദേശി തന്നെ.

ഒളിമ്പിക് മെഡലിസ്റ്റ് വിജേന്ദർകുമാർ, ബോക്‌സർമാരായ അഖിൽ കുമാർ, ജിതേന്ദർ കുമാർ, വികാസ് കൃഷ്ണൻ എന്നിവരെ ഇടി പഠിപ്പിച്ച സ്ഥലമാണ് ഭിവാനി. രണ്ടുതവണ ഏഷ്യൻ ഗെയിംസ് ബോക്‌സിങ് ചാമ്പ്യനായ ഹവാ സിങ്ങിന്റെ പേരക്കുട്ടിയുടെ മകളാണ് ജെയ്‌സ്മിൻ ലംബോറിയ. അർജുന, ദ്രോണാചാര്യ അവാർഡ് ജേതാവുകൂടിയാണ് ഹവാ സിങ്. അദ്ദേഹം സ്ഥാപിച്ച ഭിവാനി ബോക്‌സിങ് ക്ലബിൽനിന്നാണ് ഒളിംപിക് മെഡൽ ജേതാവ് വിജേന്ദർ സിങ് ഉൾപ്പെടെയുള്ള ബോക്‌സർമാരുടെ ഉദയം. അസുഖബാധിതയായി ആശുപത്രിവാസം അനുഭവിക്കേണ്ടി വന്ന് വെറും മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു ജെയ്‌സ്മിന്റെ വിജയം.

സ്വർണം ‘മുൻപേ ഉറപ്പിച്ച്’ സാക്ഷി

വനിതകളിൽ സാക്ഷി ചൗധരിയുടെ മെഡൽ നേട്ടം എന്തുകൊണ്ടും വേറിട്ടുനിൽക്കുന്നു. നേരത്തേ 54 കിലോഗ്രാം വിഭാഗത്തിലാണ് സാക്ഷി മത്സരിച്ചിരുന്നത്. എന്നാൽ, ആ വിഭാഗത്തിൽ ഇക്കുറി പ്രീതി പവാറിനാണ് കോമൺവെൽത്തിന് പ്രവേശനം കിട്ടിയത്. ശരീരഭാരം മൂന്നുകിലോ വരെ കുറച്ചാണ് കോമൺവെൽത്ത് ഗെയിംസിനുള്ള യോഗ്യതാ മത്സരങ്ങൾക്ക് സാക്ഷി ഇറങ്ങിയത്.

മേയിൽ പട്യാലയിലെ സെലക്ഷൻ ട്രയൽസിൽ രണ്ടു വമ്പത്തികളെ ഇടിച്ചിട്ടാണ് സാക്ഷി കോമൺവെൽത്തിനു യോഗ്യത നേടിയത്. അവിടെ സെമിഫൈനലിൽ, രണ്ടുതവണ ലോകചാമ്പ്യനായ നിഖാത്ത് സരീനെ കീഴടക്കി(4-1). ഫൈനലിൽ 48 കിലോഗ്രാം വിഭാഗത്തിലെ ലോക ചാമ്പ്യൻ മിനാക്ഷി ഹൂഡയെ ഏകപക്ഷീയമായി കീഴടക്കിയ (5-0) സാക്ഷി കോമൺവെൽത്ത് ഗെയിംസിനുള്ള ടിക്കറ്റ് ഉറപ്പിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഫൈനലിൽ എതിരാളി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെതിരേ ഏകപക്ഷീയ (5-0) വിജയം നേടി.

പുണെയിലെ ആർമി സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021 മുതൽ പരിശീലിക്കുന്നുണ്ട് സാക്ഷി. ഹരിയാണയിലെ ഭിവാനിയിൽ കർഷകന്റെ മകളായി ജനിച്ചു. 2025-ലെ ലോക ബോക്‌സിങ് കപ്പിൽ ജേതാവായിരുന്നു.