
തിരുവനന്തപുരം: മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തൊട്ടാകെ 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നതായി സർക്കാർ അറിയിച്ചു. നിലവിൽ 1465 പേർ ക്യാമ്പുകളിലുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. 17 വീടുകൾ പൂർണമായും 127 വീടുകൾ ഭാഗികമായും തകർന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വൈകീട്ട് ആറുമണി വരെ ആറ് മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആറു പേരെ കാണാതായി. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും സഹായത്തോടെ വിവിധ സേനാവിഭാഗങ്ങൾ തുടരുകയാണ്.
മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും വീടുകളും കൃഷിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്കും സർക്കാർ മതിയായ ധനസഹായം നൽകും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കും. ഏത് ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്നും സർക്കാർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി മറ്റു ജില്ലകളിൽ നിന്നും വള്ളങ്ങൾ ആവശ്യാനുസരണം എത്തിച്ചിട്ടുണ്ട്. വിവിധ അണക്കെട്ടുകളിലെ നീരൊഴുക്ക് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. മലയോര മേഖലകളിൽ ജാഗ്രത തുടരണം എന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മേഖലയിൽ കഴിഞ്ഞ 35 മണിക്കൂറിനിടെ 340 മില്ലി മീറ്റർ മഴ രേഖപ്പെടുത്തി. വയനാട് മേപ്പാടിയിൽ 177 മില്ലി മീറ്റർ മഴ പെയ്തു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമാണ് എന്ന് ജനപ്രതിനിധികൾ അറിയിച്ചു.
സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രിയുമായും ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ ഭരണകൂടങ്ങളുമായും മുഖ്യമന്ത്രി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.
Content Highlights: 65 relief camps established statewide hosting 1,465 people., Six official fatalities confirmed with six individuals reported missing., Significant infrastructure damage: 17 homes destroyed and 127 partially damaged., High rainfall recorded in Kozhikode and Wayanad districts., Government coordinating relief efforts and monitoring dam water levels.
Published: 01 Aug 2026, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented