
ഹരിപ്പാട്: ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ (ഐ.ഒ.സി.) 424.65 കിലോമീറ്റർ കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി.) വിതരണപദ്ധതി യാഥാർഥ്യമാകുന്നതോടെ കായംകുളം താപനിലയം രാജ്യത്തെ പ്രധാന വൈദ്യുതി ഉത്പാദനകേന്ദ്രമായി മാറിയേക്കും.
എൽ.എൻ.ജി. ഉറപ്പായാൽ 2,400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അടിസ്ഥാനസൗകര്യം ഇവിടെയുണ്ട്. വൈദ്യുതി പൂർണമായും സംസ്ഥാനത്തിന് ഉപയോഗിക്കാനുമാകും.
തിരുവനന്തപുരത്തേക്കുള്ള സിറ്റിഗ്യാസ് പദ്ധതിയിൽനിന്ന് കായംകുളത്തിന് എൽ.എൻ.ജി. ലഭിക്കാനുള്ള സാധ്യത ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയെ നേരത്തേ എൻ.ടി.പി.സി. അറിയിച്ചിരുന്നു. എന്നാൽ, തൂത്തുക്കുടിയിലേക്കു പുതിയ വാതകക്കുഴൽ പോകുന്ന കൊട്ടാരക്കരയിൽനിന്ന് 50 കിലോമീറ്റർ കുഴൽ സ്ഥാപിച്ചാൽ കായംകുളം നിലയത്തിൽ എൽ.എൻ.ജി. എത്തിക്കാനാകും.
നാഫ്ത ഇന്ധനമായ 350 മെഗാവാട്ട് ശേഷിയുള്ള നിലയം ഉത്പാദിപ്പിച്ചിരുന്ന വൈദ്യുതിയുടെ വില താങ്ങാനാകാത്തതിനാൽ 2021 മാർച്ച് 31 മുതൽ അടച്ചിട്ടിരിക്കുകയാണ്. യൂണിറ്റിന് മൂന്നു രൂപയ്ക്കടുത്ത് വൈദ്യുതി ലഭിച്ചിരുന്നപ്പോഴാണ് നാഫ്തയുടെ ഉയർന്നവില കാരണം കായംകുളം വൈദ്യുതിയുടെ വില 16 രൂപവരെ ഉയർന്നത്.
വിലക്കുറവുള്ള എൽ.എൻ.ജി. ഇന്ധനമാക്കാൻ 10 വർഷം മുൻപ് 38 കോടി രൂപ മുടക്കി പ്ലാന്റിൽ വേണ്ട മാറ്റംവരുത്തി എൻ.ടി.പി.സി. കാത്തിരിക്കുകയാണ്. എന്നാൽ, കൊച്ചിയിൽനിന്ന് എൽ.എൻ.ജി. എത്തിക്കാൻ വഴിയില്ലാതായി.
കൊച്ചി-തൂത്തുക്കുടി വാതക പൈപ്പ് ലൈനിനുള്ള 2448.7 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞദിവസമാണ് ഐ.ഒ.സി. ബോർഡ് അനുമതി നൽകിയത്. കൊച്ചിയിൽനിന്ന് കോട്ടയം, കൊട്ടാരക്കര, കൊല്ലം, കാട്ടാക്കട, നാഗർകോവിൽ വഴിയാണ് വാതകക്കുഴൽ തൂത്തുക്കുടിയിലെത്തുക.
ദീർഘകാല കരാർ വേണം
കുറഞ്ഞത് 25 വർഷമെങ്കിലും എൽ.എൻ.ജി. ലഭിക്കാനുള്ള കരാറുണ്ടായാലേ കുറഞ്ഞനിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാനാകൂ. ആഗോളവിപണിയിൽ എൽ.എൻ.ജി. വില ഉയർന്നുനിൽക്കുകയാണ്. 10 ലക്ഷം യൂണിറ്റിന് 82 യൂറോ വരെയാണു വില.
യുദ്ധത്തിനുമുൻപ് 30 യൂറോയിൽ താഴെയായിരുന്നു. അന്താരാഷ്ട്ര വിപണിയിൽനിന്ന് കുറഞ്ഞനിരക്കിൽ എൽ.എൻ.ജി. ലഭിക്കാനുള്ള കരാറിന് എൻ.ടി.പി.സി. ഏറെക്കാലമായി ശ്രമിക്കുന്നുണ്ട്.
കൊച്ചിയിൽനിന്ന് എൽ.എൻ.ജി. എത്തിക്കാൻ വർഷങ്ങളായി പല ശ്രമവും എൻ.ടി.പി.സി. നടത്തിയതാണ്. പല കാരണങ്ങളാൽ ഒന്നും ഫലവത്തായില്ല.
കായംകുളം നിലയത്തിൽനിന്ന് നിലവിൽ 92 മെഗാവാട്ട് സൗരവൈദ്യുതി സംസ്ഥാനത്തിനു കിട്ടുന്നുണ്ട്. യൂണിറ്റിന് 2.68 രൂപ നിരക്കിൽ 25 വർഷത്തേക്കാണ് ഇതിനുള്ള കരാർ.
Content Highlights: he Indian Oil Corporation's Kochi-Kanyakumari-Tuticorin LNG pipeline project could transform the Kayamkulam thermal plant into a major power generation center, with the potential to produce 2,400 MW of electricity for the state
Published: 25 Sept 2026, 07:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented