അബുദാബി: വരുന്ന തണുപ്പുകാലത്ത് (ഒക്ടോബർ മുതൽ ജനുവരി വരെ) യു.എ.ഇയിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. ആഗോള കാലാവസ്ഥാ വ്യതിയാനമായ 'എൽ നിനോ' ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിലാണ് കാലാവസ്ഥാ കേന്ദ്രം ഇത്തരമൊരു സൂചന നൽകുന്നത്. എന്നാൽ കൂടുതൽ മഴ ലഭിക്കുമെന്ന പ്രവചനം അതിതീവ്ര കൊടുങ്കാറ്റിനോ കനത്ത വെള്ളപ്പൊക്കത്തിനോ ഉള്ള മുന്നറിയിപ്പായി തെറ്റിദ്ധരിക്കരുതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിലെ വിദഗ്ദ്ധൻ അഹമ്മദ് ഹബീബ് വ്യക്തമാക്കി.
പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഊഷ്മാവ് ഉയരുന്നതിനെ തുടർന്നുണ്ടാകുന്ന ആഗോള പ്രതിഭാസമാണ് എൽ നിനോ. ഇത് ആഗോളതലത്തിൽ കാലാവസ്ഥയെ ബാധിക്കുമെങ്കിലും യു.എ.ഇയിൽ നേരിട്ട് പ്രകൃതിദുരന്തങ്ങൾക്ക് കാരണമാകണമെന്നില്ല.
യു.എ.ഇയിൽ ശക്തമായ മഴ ലഭിക്കണമെങ്കിൽ കാറ്റിന്റെ ഗതി, അന്തരീക്ഷ ഈർപ്പം, താപനില, വായുമർദ്ദ വ്യതിയാനങ്ങൾ എന്നിവ ഒത്തുവരേണ്ടതുണ്ട്. എൽ നിനോ മൂലം ഗുണകരമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും അത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമോ എന്നത് ആ സമയത്തെ പ്രാദേശിക വായുമർദ്ദ വ്യതിയാനങ്ങളെ ആശ്രയിച്ചിരിക്കും.
എൽ നിനോ കാരണം രാജ്യത്ത് കനത്ത പ്രളയമുണ്ടാകുമെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന മുന്നറിയിപ്പുകൾ വ്യാജമാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കേന്ദ്രത്തിന്റെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ശരത്കാലത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വരുംദിവസങ്ങളിലും പകൽ സമയങ്ങളിൽ ചൂട് ഉയർന്ന നിലയിൽ തുടരുമെന്ന് അഹമ്മദ് ഹബീബ് പറഞ്ഞു.

To advertise here,