കോട്ടയം: ഡോക്‌ടർമാരുടെ കുറവ്‌ കോട്ടയം മെഡിക്കൽ കോളേജിൽ പത്തോളജി വിഭാഗത്തിൽ പ്രതിസന്ധി സൃഷ്‌ടിക്കുന്നു. രണ്ട്‌ പ്രൊഫസർ തസ്‌തികകളിലും ആളില്ല. മൂന്ന്‌ അസോ. പ്രൊഫസർമാരും ഒൻപത്‌ ജൂനിയർ ഡോക്‌ടർമാരുമാണ്‌ ഇപ്പോഴുള്ളത്‌.

To advertise here,

രണ്ട്‌ പ്രൊഫസർമാരും മൂന്ന്‌ അസോ. പ്രൊഫസർമാരുമടക്കം അഞ്ച്‌ പ്രധാന ഡോക്‌ടർമാരാണ്‌ പത്തോളജി വിഭാഗത്തിലുണ്ടായിരുന്നത്‌. ഒരു പ്രൊഫസർ മേയിൽ വിരമിച്ചു. മറ്റൊരു പ്രൊഫസർ തിരുവനന്തപുരത്തു തുടങ്ങുന്ന പുതിയ മെഡിക്കൽ കോളേജിലേക്ക്‌ നോഡൽ ഓഫീസറായി പോയി.

വിരമിക്കലിലൂടെ ഒഴിവുവന്ന തസ്‌തിക കോന്നി മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയതോടെ ആ തസ്‌തികയും ഇല്ലാതായി. ഇതോടെ പത്തോളജി വിഭാഗത്തിൽ രണ്ടു പ്രൊഫസർ തസ്‌തികകളിലും ആളില്ല.

കാൻസർ സംശയിക്കുന്ന രോഗികളുടെ ബയോപ്‌സി റിപ്പോർട്ട്‌ നൽകുന്നത്‌ പത്തോളജി വിഭാഗമാണ്‌. ഇത് വൈകുന്നത്‌ ചികിത്സയെ ബാധിക്കുന്നുണ്ട്. ഒരു വർഷം 19,000-ത്തോളം സാമ്പിളുകൾ ഈ വിഭാഗത്തിൽ പരിശോധനയ്ക്കെത്തുന്നുണ്ട്‌.

ഓങ്കോളജി, ജനറൽ സർജറി, ഗ്യാസ്‌ട്രോ എൻറോളജി, ന്യൂേറാ സർജറി തുടങ്ങി വിവിധ വിഭാഗങ്ങളിൽനിന്നുള്ള സാമ്പിളുകളാണ്‌ കൂടുതലും പരിശോധനയ്ക്കുവരുന്നത്‌. ഏറ്റവുമധികം പത്തോളജി സാമ്പിൾ കൈകാര്യം ചെയ്യുന്നത്‌ കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം മെഡിക്കൽകോളേജുകളാണ്‌.

കോഴിക്കോടിനും തിരുവനന്തപുരത്തിനും തൊട്ടുപിന്നിലുള്ള കോട്ടയത്തിന്റെ സ്റ്റാഫ് പാറ്റേൺ, അതിനേക്കാൾ കുറച്ച് സാമ്പിൾ കൈകാര്യംചെയ്യുന്ന തൃശ്ശൂർ, ആലപ്പുഴ മെഡിക്കൽ കോളേജുകളുടേതിന് സമാനമാണ്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ 14,000ത്തോളവും ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏഴായിരത്തോളവുമാണ്‌ പ്രതിവർഷം റിപ്പോർട്ട്‌ ചെയ്യുന്ന ബയോപ്‌സി പരിശോധനകൾ. കൂടാതെ ഹീമറ്റോളജി ലാബിൽ രക്‌തസാമ്പിളുകൾ പരിശോധിക്കുന്നുണ്ട്‌.

ഒരുവർഷം 1.9 ലക്ഷം പരിശോധന ഈഗണത്തിൽ വരുന്നുണ്ട്‌. മുഴകളുടെ സ്വഭാവം നിർണയിക്കുന്ന പ്രത്യേകപരിശോധനകൾ ഒരുവർഷം രണ്ടായിരത്തോളമുണ്ടെന്നാണ്‌ കണക്ക്‌. ജോലി മൂന്നിരട്ടിയോളം വർധിച്ചപ്പോൾ തസ്‌തികകൾ കുറയുകയാണെന്നാണ്‌ ആക്ഷേപം.

ഒരു പ്രൊഫസറുടെ ഒഴിവ്‌ ഉടൻനികത്തുമെന്നാണ്‌ വകുപ്പിൽനിന്ന്‌ അറിയാൻ കഴിഞ്ഞതെന്ന്‌ മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വർഗീസ്‌ സി.പുന്നൂസ്‌ പറഞ്ഞു.