കൊച്ചി: ശമ്പളവർധന ആവശ്യപ്പെട്ട് നഴ്‌സുമാർ നടത്തുന്ന സമരം ഒത്തുതീർപ്പാക്കാൻ മധ്യസ്ഥചർച്ചയ്ക്ക് നിർദേശിച്ച് ഹൈക്കോടതി. ചർച്ചയ്ക്കായി ചൊവ്വാഴ്ച ഹൈക്കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരാകാൻ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഭാരവാഹികളോടും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യു.എൻ.എ.) ഭാരവാഹികളോടും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് നിർദേശിച്ചു.

To advertise here,

ചർച്ചയ്ക്ക് സമ്മതിച്ച സാഹചര്യത്തിൽ ഹർജി വീണ്ടും പരിഗണിക്കുന്ന വ്യാഴാഴ്ചവരെ നഴ്‌സുമാർ ജോലിയിൽ പ്രവേശിക്കണമെന്നും ഇവർക്കെതിരേ മാനേജ്‌മെന്റ് ഏതെങ്കിലും തരത്തിലുള്ള പ്രതികാര നടപടിയെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. സീനിയർ അഭിഭാഷകനെയായിരിക്കും ചർച്ചയ്ക്കായി നിയോഗിക്കുക.

പണിമുടക്ക് അത്യാഹിത, തീവ്ര പരിചരണ വിഭാഗങ്ങളുടെയടക്കം പ്രവർത്തനത്തിന് തടസ്സമായെന്നുകാട്ടി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ നൽകിയ ഹർജിയാണ് പരിഗണിച്ചത്.

ആശുപത്രി സേവനങ്ങളിൽ മുടക്കം തുടരുന്നു

കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ട് വെള്ളിയാഴ്ചയും സമരം തുടർന്ന് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യു.എൻ.എ.) നേതൃത്വത്തിലാണ് സിവിൽ സ്റ്റേഷന് മുന്നിൽ അഞ്ചുദിവസമായി സമരം നടക്കുന്നത്. സമരത്തെ തുടർന്ന് വെള്ളിയാഴ്ചയും സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾ മുടങ്ങി. അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്.

എന്നാൽ, ഇഖ്റ ആശുപത്രിയിലെ നഴ്സുമാർ മുഴുവൻ സമരം അവസാനിപ്പിച്ച് വെള്ളിയാഴ്ച ഡ്യൂട്ടിക്ക് കയറി. ആശുപത്രി മാനേജ്മെന്റുമായി നടത്തിയ ചർച്ചകളെത്തുടർന്ന് നഴ്സുമാർക്ക് അനുകൂലമായ തീരുമാനങ്ങൾ ഉണ്ടായതിനെത്തുടർന്നാണ് നടപടിയെന്ന് യു.എൻ.എ. ജില്ലാ പ്രസിഡന്റ് ജിഷ്ണു അശോക് പറഞ്ഞു.

മറ്റ് പ്രധാന ആശുപത്രികളിലെയെല്ലാം നഴ്സുമാർ വെള്ളിയാഴ്ചയും സമരത്തിൽ പങ്കെടുത്തതായും ജിഷ്ണു പറഞ്ഞു.

നഴ്‌സുമാരുടെ സമരത്തിന് ഐക്യദാർഢ്യവുമായി ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ. ജയന്ത്, കൗൺസിലർ ഫാത്തിമ തഹ്ലിയ, എസ്.യു.സി.ഐ. നേതാവ് വി.കെ. സദാനന്ദൻ, അഖിലേന്ത്യ മഹിളാ സാംസ്‌കാരികസംഘടന ജില്ലാ പ്രസിഡന്റ് കെ. ഷീബ എന്നിവരെത്തി. വെള്ളിയാഴ്ച രാവിലെ പത്തോടെ സിവിൽ സ്റ്റേഷന് മുന്നിൽ സമരം തുടങ്ങിയ നഴ്‌സുമാർ വൈകീട്ട് അഞ്ചോടെയാണ് പിരിഞ്ഞുപോയത്. ഇതിനിടെ മധ്യസ്ഥചർച്ചയ്ക്കുള്ള ഹൈക്കോടതി ഉത്തരവ് എത്തി.

ചൊവ്വാഴ്ച മധ്യസ്ഥചർച്ചയ്ക്കുശേഷം വ്യാഴാഴ്ചയാണ് കോടതി വീണ്ടും കേസ് പരിഗണിക്കുന്നത്. അതുവരെ സമരം നിർത്തിവെക്കാനാണ് കോടതിനിർദേശം. എന്നാൽ, സമരം നിർത്തുന്നകാര്യത്തിൽ രാത്രിവൈകിയും തീരുമാനത്തിലെത്തിയിട്ടില്ലെന്നും ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രാവിലെയോടെ തീരുമാനമുണ്ടാകുമെന്നുമാണ് യു.എൻ.എ. നേതാക്കൾ അറിയിച്ചത്.