കോട്ടയം: ഒരു ഇടവേളയ്ക്കുശേഷം കുത്തരിയുടെ വിലയിൽ കുതിപ്പ്. ചില്ലറ വില കിലോഗ്രാമിന് 60 രൂപ കടന്നു. കഴിഞ്ഞ ആഴ്ച വരെ ശരാശരി 52 രൂപ നിരക്കിലായിരുന്നു വിൽപ്പനയെങ്കിൽ പൊടുന്നനെ 10 രൂപയോളം കുതിച്ചു. എന്നാൽ വെള്ളയരിക്ക് വിലയിൽ വർധനവില്ല.
നെല്ലുത്പാദക സംസ്ഥാനങ്ങളിൽ നെല്ലിന്റെ വിലകൂടിയതാണ് വിലയേറ്റത്തിന് കാരണം. ആന്ധ്രയിൽ നെല്ലിന് കിലോഗ്രാമിന് 32 രൂപ വരെയായി. തമിഴ്നാട്ടിൽ 33, കർണാടകയിൽ 32 എന്നിങ്ങനെയാണ് നിരക്ക്. ആന്ധ്രയിൽ ആറു രൂപ വരെയും മറ്റു സംസ്ഥാനങ്ങളിൽ 10 രൂപ വരെയുമാണ് വർധിച്ചത്.
കർണാടകത്തിൽ വെള്ളക്കുറവ് കാരണം കൃഷിക്ക് നാശമുണ്ടാവുകയും ചെയ്തു. വൻതോതിൽ നെല്ലെടുത്ത ഏജൻസികൾ വിലകൂട്ടാൻ വേണ്ടി പിടിച്ചു വെച്ചുവെന്നാണ് മില്ലുകളുടെ ആക്ഷേപം. കുത്തരിക്ക് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് വിൽപ്പനയേറെയും.
അതേസമയം എഫ്.സി.ഐ. വെള്ളയരി കിലോഗ്രാമിന് 30 രൂപയിൽ താഴെ ഒാപ്പൺ മാർക്കറ്റ് സ്കീമിൽ പൊതുവിപണിക്കും വിൽക്കുന്നതിനാലാണ് അതിന് കാര്യമായ വിലയേറ്റമുണ്ടാകാഞ്ഞത്. ജയ, സുരേഖ തുടങ്ങിയ ഇനങ്ങൾ പൊതുവിപണിയിൽ ശരാശരി 42 രൂപ നിരക്കിൽ കിട്ടും. വെള്ളയരി ആന്ധ്ര, ബംഗാൾ, ഒറീസ എന്നിവിടങ്ങളിൽ നിന്നെല്ലാം കിട്ടുന്നുണ്ട്.
കേരളത്തിലേക്ക് ദിവസം ശരാശരി 12,000 ടൺ അരിയാണെത്തുന്നത്. ഇതിൽ ഭൂരിഭാഗവും വെള്ളയരിയാണ്. ചില ജില്ലകളിലാണ് കുത്തരിക്ക് വലിയ ആവശ്യക്കാരുള്ളത്. അരിവിലയിലെ വർധന കമ്പനികളുടെ ബാഗിലുള്ള ചരക്കിലും പ്രതിഫലിക്കാൻ തുടങ്ങി. പ്രമുഖ കമ്പനികൾ വില കൂട്ടിയാണ് പുതിയ ലോഡ് നൽകുന്നത്.
Content Highlights: Kuthari rice retail price exceeded ₹60 per kg, Paddy price surge in Andhra, Tamil Nadu, and Karnataka driving costs, White rice prices remain stable due to FCI open market schemes, Supply chain impact on branded rice stocks
Published: 09 Jul 2026, 07:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented