
കൊച്ചി: മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആവശ്യപ്പെട്ടതിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് ഷോൺ ജോർജ്. കേരളത്തിന്റെ തീരദേശത്തെ കൊള്ളയടിക്കാൻ ഒത്താശചെയ്തതിന്റെ പ്രതിഫലമായാണ് പിണറായി മകൾ വീണാ വിജയന്റെ കമ്പനി വഴി മാസപ്പടി കൈപ്പറ്റിയതെന്ന് ഷോൺ ജോർജ് ആരോപിച്ചു.
എസ്.എഫ്.ഐ.ഒ അന്വേഷണത്തിന്റെയും ഇ.ഡിയുടെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, പി.എം.എൽ.എ ആക്ട് സെക്ഷൻ 66(2), ബി.എൻ.എസ് എന്നിവ പ്രകാരം പിണറായി വിജയനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇ.ഡിയുടെ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അടിയന്തരമായി യോഗം വിളിച്ച് പിണറായി വിജയനെ പ്രതിപക്ഷ നേതാവിൻ്റെ പദവിയിൽനിന്ന് നീക്കണമെന്നും എം.എൽ.എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘റിപ്പോർട്ടർ ചാനലിൽ നടന്നത് വൻ സാമ്പത്തിക തട്ടിപ്പ്’
സംസ്ഥാനത്ത് അർജന്റീന ടീമിനെയും ലയണൽ മെസ്സിയെയും എത്തിക്കുമെന്ന് പ്രഖ്യാപിച്ച് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പും അനധികൃത പണമിടപാടും നടത്തിയതായും ഷോൺ ജോർജ് ആരോപിച്ചു. 2023-ന് ശേഷം റിപ്പോർട്ടർ ചാനലിൽ ഓഡിറ്റ് നടത്തിയിട്ടില്ലെന്നും പരാതിയിലുണ്ട്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന്റെ നിയമപ്രകാരം ഒരു സാറ്റലൈറ്റ് ചാനൽ പ്രവർത്തിപ്പിക്കാൻ 20 കോടി രൂപയുടെ മൂലധനം ആവശ്യമാണ്. എന്നാൽ റിപ്പോർട്ടർ ചാനലിന്റെ പെയ്ഡ് അപ്പ് ക്യാപിറ്റൽ വെറും 10 ലക്ഷം രൂപ മാത്രമാണ്.
ഈ സാഹചര്യത്തിൽ ഇത്രയും കുറഞ്ഞ മൂലധനമുള്ള കമ്പനി എങ്ങനെയാണ് വിദേശത്തേക്ക് കോടിക്കണക്കിന് രൂപ അയച്ചതെന്ന് ഷോൺ ചോദിച്ചു. കേസിൽ പിണറായി സർക്കാരിന്റെ ഇടപെടലുകളും അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപ മാത്രം മൂലധനമുള്ള കമ്പനിയുടെ അക്കൗണ്ടിൽനിന്ന് വലിയ തുകകൾ വിദേശ അക്കൗണ്ടുകളിലേക്ക് പോയതിന് പിന്നിൽ വലിയൊരു സാമ്പത്തിക തട്ടിപ്പുണ്ടെന്നും ചാനൽ എത്രയും വേഗം അടച്ചുപൂട്ടണമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് ഔദ്യോഗിക രേഖകളിൽ വലിയ അപാകതകളുണ്ടെന്നും ഷോൺ ജോർജ് ആരോപിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഏഴ് കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകിയതായും ഷോൺ ജോർജ് പറഞ്ഞു.
Content Highlights: ED has reportedly demanded Kerala DGP to register a case against CM Pinarayi Vijayan based on SFIO and ED investigations., Shon George alleged that Veena Vijayan's company received payoffs for looting Kerala's coastal areas., Allegations of financial fraud and money laundering of around Rs 126 crore against Reporter TV regarding bringing the Argentina football team to Kerala., Discrepancies pointed out in Reporter TV's paid-up capital and official ownership documents.
Published: 08 Sept 2026, 03:11 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented