ന്യൂഡൽഹി: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കണ്ടെത്തുന്ന വിവരങ്ങളിൽ മറ്റ് നിയമങ്ങളുടെ ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ട അന്വേഷണ ഏജൻസിക്ക് കൈമാറാൻ ഇഡിക്ക് അധികാരം നൽകുന്നതാണ് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ്. ഈ വകുപ്പിന്റെ അടിസ്ഥാനത്തിൽ ആണ് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും വീണയുടെ ഭർത്താവായ മുഹമ്മദ് റിയാസിനും എതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി കേരള പോലീസ് മേധാവിക്ക് കത്ത് നൽകിയത്. കേരള ഡിജിപിക്ക് ഇഡി നൽകുന്ന വിവരങ്ങൾ സംസ്ഥാന പോലീസിന്റെ തുടർനടപടികൾക്ക് നിർണായകമാണ്.

To advertise here,

കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഇഡിയുടെ അന്വേഷണത്തിനിടെ ലഭിച്ച വിവരങ്ങളുടെയോ രേഖകളുടെയോ അടിസ്ഥാനത്തിൽ കള്ളപ്പണ നിരോധന നിയമത്തിന് പുറമെ മറ്റേതെങ്കിലും നിയമത്തിന്റെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായി ഡയറക്ടർക്ക് ബോധ്യപ്പെട്ടാൽ, ആവശ്യമായ നടപടിക്കായി ബന്ധപ്പെട്ട ഏജൻസിക്ക് ആ വിവരം കൈമാറണം. അതായത്, ഇഡിയുടെ അന്വേഷണത്തിൽ അഴിമതി, വഞ്ചന, ഗൂഢാലോചന തുടങ്ങിയ പിഎംഎൽഎയ്ക്ക് പുറത്തുള്ള കുറ്റകൃത്യങ്ങളുടെ സൂചന ലഭിച്ചാൽ അതുമായി ബന്ധപ്പെട്ട സംസ്ഥാന പോലീസിനോ മറ്റ് നിയമനടപടി സ്വീകരിക്കേണ്ട ഏജൻസിക്കോ വിവരം കൈമാറാം.

ഇഡി വിവരം കൈമാറിയതുകൊണ്ടുമാത്രം അടിസ്ഥാന കുറ്റം നിയമപരമായി രൂപപ്പെടുന്നില്ല. ഇക്കാര്യം ഡൽഹി ഹൈക്കോടതി ഒരു വിധിയിൽ വ്യക്തമാക്കിയിരുന്നു. 66(2) വകുപ്പ് പ്രകാരം വിവിധ ഏജൻസികൾ തമ്മിൽ വിവരങ്ങൾ കൈമാറാൻ കഴിയുമെങ്കിലും, വിവരം കൈമാറിയതുകൊണ്ടു മാത്രം scheduled offence/predicate offence crystallise ചെയ്യുന്നില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. അത് ബന്ധപ്പെട്ട പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിലാണ് നിയമപരമായ കുറ്റമായി രൂപം പ്രാപിക്കുന്നത്.

അതായത്, കേരള ഡിജിപിക്ക് ഇഡി നൽകിയ കത്തിലെ തുടർ നടപടികൾ ആണ് നിർണായകം. രേഖകളും തെളിവുകളും പരിശോധിച്ച് അഴിമതി നിരോധന നിയമപ്രകാരം കുറ്റം നിലനിൽക്കുമോയെന്ന് സ്വതന്ത്രമായി വിലയിരുത്തണം. കുറ്റത്തിന്റെ പ്രാഥമിക വസ്തുതകൾ ലഭ്യമാണെന്ന് കണ്ടെത്തിയാൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാം.

ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ബുപേഷ് ബാഗേൽ ഉൾപ്പെട്ട മഹാദേവ് ബെറ്റിങ് ആപ്പ് കേസിലാണ് ഇതിന് മുമ്പ് കള്ളപ്പണ നിരോധന നിയമത്തിലെ 66(2) വകുപ്പ് പ്രകാരം ഒരു മുൻ മുഖ്യമന്ത്രിക്ക് എതിരായ തെളിവുകൾ സംസ്ഥാന പൊലീസിന് ഇഡി കൈമാറിയത്. ഇഡി നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളും രേഖകളും 66(2) വകുപ്പ് പ്രകാരം ഛത്തീസ്ഗഢ് ഇക്കണോമിക് ഒഫൻസസ് വിങ്, ആൻ്റി കറപ്ഷൻ ബ്യൂറോയ്ക്ക് കൈമാറി. തുടർന്ന് 2024 മാർച്ച് നാലിന് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി നിരോധന നിയമം ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.