തിരുവനന്തപുരം: കേരള ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷക നിയമന പട്ടിക സർക്കാറിന് തലവേദയാകുന്നു. മന്ത്രിസഭ പാസ്സാക്കിയ പട്ടികയ്ക്കെതിരെ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയിലെ സജീവ പ്രവർത്തകരിൽ ചിലർ സർക്കാരിന് പരാതി നൽകി.

To advertise here,

സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിക്കപ്പെട്ട അഭിഭാഷകരിൽ ഒരാൾ തൃപ്പൂണിത്തുറയിലെ സിപിഐ ലോക്കൽ കമ്മിറ്റി അംഗമെന്നാണ് ആരോപണങ്ങളിൽ ഒന്ന്. 2001-ൽ എസ്എൻഡിപി നേതൃത്വത്തിന്റെ ശുപാർശയിൽ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡർ ആയിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്.

സിപിഎമ്മിന്റെ അഭിഭാഷക സംഘടനയായ ഓൾ ഇന്ത്യ ലോയേഴ്‌സ്‌ യൂണിയനിലെ അംഗമാണ് സീനിയർ അഭിഭാഷകനായി നിയമിതനായ പത്തനംതിട്ട ജില്ലക്കാരനായ അഭിഭാഷകൻ എന്ന പരാതിയും ഉയർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ ഒരു പതിറ്റാണ്ടിലധികമായി സജീവ പ്രാക്ടീസ് ഇല്ലാത്തവർ സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരായി നിയമിക്കപ്പെട്ടിട്ടുണ്ടെന്നാണ് പരാതി. ഇതിൽ ഒരാൾ പ്രമുഖ നേതാവിന്റെ ഭാര്യയാണ്. മറ്റൊരു സംസ്ഥാനത്തെ ഗവർണർ സ്ഥാനം വഹിച്ചിട്ടുള്ള വ്യക്തിയുടെ അടുത്ത ബന്ധുവാണ് രണ്ടാമത്തെയാൾ എന്നാണ് പരാതി.

ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറൽ ഓഫീസിലെ ഗവൺമെന്റ് പ്ലീഡർ ആയിരുന്ന അഭിഭാഷകയെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരേയും പരാതി ഉയർന്നിട്ടുണ്ട്. സിഎംപിയുടെ അക്കൗണ്ടിലാണ് ഈ അഭിഭാഷകയ്ക്ക് നിയമനം എന്നാണ് കോൺഗ്രസ് കേന്ദ്രങ്ങൾ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ അഭിഭാഷകയായി സേവനം അനുഷ്ഠിച്ച വ്യക്തിയും പട്ടികയിൽ സ്ഥാനം പിടിച്ചതിനെതിരെ വ്യാപക പരാതി ഉണ്ട്. എന്നാൽ, ഈ അഭിഭാഷക 2026-ൽ കോൺഗ്രസിന്റെ അഭിഭാഷക സംഘടനയിൽ അംഗത്വം എടുത്തിട്ടുണ്ടെന്നാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഭിഭാഷകരിൽ ഒരാൾ മുമ്പ് യുഡിഎഫ് സർക്കാരിന്റ കാലത്ത് പുറത്താക്കപ്പെട്ടിട്ടുള്ള വ്യക്തിയാണെന്നാണ് മറ്റൊരു ആരോപണം. നിലവിൽ ഇറങ്ങിയ പട്ടികകളിൽ ഒരു ഡസനോളം പേര് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാത്തവരാണെന്നും പരാതികളിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാർ കൃത്യമായ പരിശോധന നടത്തിയാൽ ഇപ്പോൾ ഇറങ്ങിയ ലിസ്റ്റിൽ സമൂലമായ മാറ്റം വരുമെന്നാണ് കോൺഗ്രസിന്റെ അഭിഭാഷക സംഘടനയുമായി ബന്ധപ്പെട്ടവർ പറയുന്നത്.