തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുയിടങ്ങൾ കൈയേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതുയിടങ്ങളിൽ കൊടിമരങ്ങളാണെന്നും ഇത് തടയണമെന്നും ഹൈക്കോടതി പറഞ്ഞു.

To advertise here,

മന്നം ഷുഗർ മില്ലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാന തലത്തിൽ തന്നെ ഇക്കാര്യത്തിൽ ഒരു നടപടി വേണമെന്ന നിർദ്ദേശം ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. 

പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ഇത് പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്.

സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. നവംബർ ഒന്നിന് സർക്കാരിന്റെ നിലപാട് കോടതിയെ അറിയിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.