ആലപ്പുഴ: പുതുവർഷത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരിൽ ബഹുഭൂരിപക്ഷത്തിനും ശമ്പളം വൈകും. മെഡിസെപ് പ്രീമിയം ഡിസംബർ മുതൽ 810 രൂപയായി ഉയർത്തിയുള്ള ഉത്തരവ് അവസാനനിമിഷം പിൻവലിച്ചതിലെ ആശയക്കുഴപ്പമാണു കാരണം. പുതിയ ഉത്തരവുപ്രകാരം ഫെബ്രുവരിയിൽ നൽകുന്ന ശമ്പളം മുതലേ വർധിപ്പിച്ച പ്രീമിയം ബാധകമാകൂ.

To advertise here,

മുൻ ഉത്തരവനുസരിച്ച് വർധിപ്പിച്ച മെഡിസെപ് വിഹിതമായി 810 രൂപ പിടിച്ചുള്ള ശമ്പളബില്ലുകളാണ് ഓഫീസുകളിൽ തയ്യാറാക്കിയത്. പുതുവർഷത്തിൽ കൃത്യസമയത്ത് ശമ്പളം കൊടുക്കാൻ ഒരാഴ്ച മുൻപേ ട്രഷറികളിലേക്കു ബില്ലു നൽകിയിരുന്നു. എന്നാൽ, ഡിസംബറിലെ ശമ്പളത്തിൽനിന്ന് പഴയനിരക്കിൽ 500 രൂപ പ്രീമിയം ഈടാക്കിയാൽ മതിയെന്ന നിർദേശം ചൊവ്വാഴ്ച വൈകീട്ടോടെ വന്നു. ട്രഷറികളിൽ എത്തിയ ബില്ലെല്ലാം അതോടെ മടക്കിയയച്ചു.

ഇവ ഓഫീസുകളിൽ റദ്ദാക്കിയശേഷം പുതിയവ തയ്യാറാക്കണം. എല്ലാ ഓഫീസുകളും ഒന്നിച്ചു ബില്ലു തയ്യാറാക്കാൻ തുടങ്ങിയതോടെ ശമ്പളവിതരണ സംവിധാനമായ സ്പാർക്കും മെല്ലെപ്പോക്കിലായി. ബിൽ തയ്യാറാക്കിക്കിട്ടാൻ ഇപ്പോൾ 10-12 മണിക്കൂർ കാത്തിരിക്കണം. ഡിസംബറിലെ അവസാന പ്രവൃത്തിദിനമായ ബുധനാഴ്ച വൈകുന്നേരവും മിക്ക ഓഫീസുകളിലെയും ശമ്പളബില്ല് ട്രഷറികളിൽ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.

സെക്രട്ടേറിയറ്റ്, പോലീസ്, അഗ്നിരക്ഷാസേന, കോടതി തുടങ്ങിയവയിലെ ജീവനക്കാർക്ക് ആദ്യ പ്രവൃത്തിദിവസവും അധ്യാപകർക്കും ആരോഗ്യവകുപ്പിനും മറ്റും രണ്ടാംദിനവും മറ്റു വകുപ്പുകൾക്ക് മൂന്നാംദിവസവും ശമ്പളം നൽകുന്നതാണു പതിവ്. ഒന്നാംതീയതി ശമ്പളം വാങ്ങുന്നവർക്ക് ഇനി വെള്ളിയാഴ്ചത്തെ മന്നംജയന്തി അവധികഴിഞ്ഞ് ശനിയാഴ്ച ശമ്പളംകിട്ടാനേ സാധ്യതയുള്ളൂ. മറ്റു വകുപ്പുകളിലെ ജീവനക്കാർക്കും അതനുസരിച്ച് ശമ്പളം വൈകും.

മെഡിസെപ് ഒന്നാംഘട്ട പദ്ധതിയുടെ കാലാവധി ഡിസംബർ 31-ന് അവസാനിച്ചു. ജനുവരി ഒന്നുമുതൽ 810 രൂപ പ്രീമിയത്തിൽ രണ്ടാംഘട്ടം തുടങ്ങനാണു തീരുമാനിച്ചിരുന്നത്. സാങ്കേതികനടപടി പൂർത്തിയാകാൻ വൈകിയതിനാൽ ഒന്നാംഘട്ടം ജനുവരി 31 വരെ നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഒരു മാസത്തെ സർക്കാർ വിഹിതമായി 61.14 കോടി രൂപയും അനുവദിച്ചു. എന്നാൽ, ഇക്കാര്യം അവസാന നിമിഷത്തേക്കു നീണ്ടുപോയതാണ് ബുദ്ധിമുട്ടായത്.