തിരുവനന്തപുരം: പി.എസ്.സി. ഓൺലൈനായി നടത്തുന്ന വകുപ്പ് തല പരീക്ഷകളിൽ വന്ന പരിഷ്‌കാരം അറിയാതെ വെട്ടിലായി പരീക്ഷാർത്ഥികൾ. പുതിയ പരിഷ്‌കാരം അറിയാതെ പരീക്ഷ എഴുതാനെത്തിയവർക്കാണ്‌  അവസരം നഷ്ടമായത്. പി.എസ്.സി ബുധനാഴ്ച (17/06/2026) നടത്തിയ വകുപ്പ് തല ക്രിമിനൽ ജുഡീഷ്യൽ പരീക്ഷയാണ് പലർക്കും എഴുതാൻ കഴിയാതിരുന്നത്.

To advertise here,

ലാൻഡ്- റവന്യൂ വകുപ്പിലെ തഹസീൽദാർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് ആവശ്യമായതും വർഷത്തിലൊരിക്കൽ മാത്രം നടത്താറുള്ളതുമായ പ്രധാനപ്പെട്ട വകുപ്പ്തല പരീക്ഷയാണിത്. 2024-ൽ ഇന്ത്യയിൽ പുതിയ ക്രിമിനൽ നിയമങ്ങൾ നിലവിൽ വന്നതിൽപ്പിന്നെ കേരളത്തിൽ റവന്യൂ വകുപ്പിൽ ആദ്യമായി നടക്കുന്ന പരീക്ഷയുടെ ഒന്നാം പേപ്പർ കൂടിയായിരുന്നു കഴിഞ്ഞു പോയത്.

ഓൺലൈൻ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങൾക്കുമുമ്പ് നിലവിൽവന്ന ചില സാങ്കേതിക മാറ്റങ്ങളാണ് കാരണമായി പി.എസ്.സി. അധികൃതർ പറയുന്നത്. വിവരം ഹാൾ ടിക്കറ്റിൽ നിർദേശമായി നൽകിയിട്ടുണ്ടെന്നും പറയുന്നു. എന്നാൽ അന്നേ ദിവസം പരീക്ഷ എഴുതിയ പരീക്ഷാർത്ഥികൾ പറയുന്നത് തങ്ങൾ ഒന്നര മണിക്കൂറോളം ഹാളിൽ വെറുതെ ഇരിക്കുകയായിരുന്നു എന്നാണ്. വെരിഫിക്കേഷൻ സംബന്ധിച്ച നടപടികൾക്കായി ഒന്നര മണിക്കൂറോളം എടുക്കുമെന്നതിനാൽ മുൻകാലങ്ങളിൽ  അല്പം താമസിച്ചു വരുന്നവരെയും പരീക്ഷ എഴുതിക്കുമായിരുന്നു.

എന്നാൽ പരീക്ഷയുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാണിച്ചാണ് കേവലം ഒരു മിനിറ്റ് മാത്രം താമസിപ്പിച്ചെത്തിയവരെപ്പോലും പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. വാഹനം പാർക്ക് ചെയ്തു വരുന്നതിന്റെ കാലതാമസംപോലും അനുവദിച്ചില്ല എന്നും ചിലയിടങ്ങളിൽ പി.എസ്.സി. അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുപോലും യാതൊരു ദാക്ഷിണ്യവും കാണിച്ചില്ലെന്നും പരാതിയുണ്ട്‌.

ഇതു മൂലം സംസ്ഥാനത്തെ 14 ജില്ലകളിലായി ഏകദേശം 100-ഓളം പേർക്ക് പരീക്ഷ എഴുതാനായില്ല. പരീക്ഷ എഴുതാൻ പറ്റാതെ പോയവരിൽ ഇനിയൊരവസരമില്ലാത്ത സീനിയർ ഡെപ്യൂട്ടി തഹസിൽദാർമാരും ഉൾപ്പെടുന്നു.