തിരുവനന്തപുരം: കടമെടുക്കുന്നത് കേന്ദ്രം വീണ്ടും വെട്ടിക്കുറച്ചതുകാരണം കേരളം അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ. 10,000 കോടിയെങ്കിലും സ്വന്തമായി കണ്ടെത്തിയാലെ കഴിഞ്ഞവർഷത്തെ നിലവാരത്തിലെങ്കിലും സാമ്പത്തികവർഷാന്ത്യ ചെലവുകൾ നടത്താനാവൂ. ട്രഷറിയിൽ കർശന നിയന്ത്രണവും ഏർപ്പെടുത്തേണ്ടിവരും.
ജനുവരിമുതൽ മാർച്ചുവരെ 12,516.14 കോടിരൂപ കടമെടുക്കാൻ അർഹതയുണ്ടെന്ന അപേക്ഷയാണ് കേരളം സമർപ്പിച്ചത്. ഇതനുസരിച്ചുള്ള ചെലവാണ് ആസൂത്രണംചെയ്തത്. എന്നാൽ, കിഫ്ബിക്കും ക്ഷേമപെൻഷനുംവേണ്ടി എടുത്തും വായ്പാകണക്കിൽപ്പെടുത്തി 5944.67 കോടി കേന്ദ്രം വെട്ടിക്കുറച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കേന്ദ്രത്തിന്റെകണക്കിൽ മൂന്നുമാസത്തേക്ക് ഇനി കേരളത്തിന് കടമെടുക്കാവുന്നത് 5636 കോടിയാണ്.
വൈദ്യുതിമേഖലയിലെ പരിഷ്കാരങ്ങൾക്ക് പ്രോത്സാഹനമെന്നനിലയിൽ ആഭ്യന്തരോത്പാദനത്തിന്റെ അരശതമാനം പ്രത്യേകമായി കടമെടുക്കാൻ അനുവദിക്കാറുണ്ട്. ഇത് 6000 കോടി വരുമെങ്കിലും മാർച്ചിലേ കിട്ടൂ. കഴിഞ്ഞവർഷം ഈ മൂന്നുമാസങ്ങളിലായി 23,000 കോടി കിട്ടിയിരുന്നു. ഈവർഷം പതിനായിരം കോടിയിലധികം കുറവ്. പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ഫെബ്രുവരിയിൽ ശമ്പളവിതരണംപോലും മുടങ്ങാനിടയുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പുവർഷത്തിൽ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ നൽകുന്നതുപോലും സർക്കാരിന് വെല്ലുവിളിയാണ്.
കിഫ്ബിക്കും ക്ഷേമപെൻഷൻ കമ്പനിക്കും എടുക്കുന്ന വായ്പകളെല്ലാം ബജറ്റിനുപുറത്തുള്ള വായ്പകളെന്നാണ് സിഎജിയുടെയും കേന്ദ്രത്തിന്റെയും നിലപാട്. ഇതിനെതിരേയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഭരണഘടനാബെഞ്ചിന് വിട്ടെങ്കിലും തുടർനടപടികളായിട്ടില്ല. കിഫ്ബിക്കും ക്ഷേമപെൻഷനും എടുത്ത വായ്പയിൽ പ്രതിവർഷം 4700 കോടിരൂപ വായ്പാപരിധിയിൽ കുറയ്ക്കുന്നുണ്ട്. അതിനുപുറമേയാണ് ഇത്തവണത്തെ കുറവ്.
ബജറ്റിനുപുറത്തുള്ള വായ്പയെ സംബന്ധിച്ച് കേരളത്തിന്റെ കണക്കിൽ അവ്യക്തതയുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. അതിനാൽ 2023-24-ലെ ഓഡിറ്റ് റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാണിച്ചതനുസരിച്ചുള്ള തുക സാമ്പത്തികവർഷാവസാനം ഒറ്റയടിക്ക് കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്.
എന്തൊക്കെ വിശദീകരണംനൽകിയാലും പുതിയകാരണങ്ങൾ കണ്ടെത്തി കടം കുറയ്ക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് സംസ്ഥാനം ആരോപിക്കുന്നു. തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെ സമീപിക്കാനൊരുങ്ങുകയാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
Content Highlights: Kerala in deep financial crisis due to central loan cuts. Needs ₹10,000 crore to meet year-end expenses. Salary payments at risk.
Published: 23 Dec 2025, 07:11 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented