
ചീഫ് ഇലക്ടറൽ ഓഫീസർ ഡോ. രത്തൻ യു. ഖേൽഖർ വാർത്താസമ്മേളനത്തിൽ | photo:screengrab/mathrubhuminews
തിരുവനന്തപുരം: സംസ്ഥാനത്തെ എന്യുമറേഷന് ഫോം വിതരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ട് ചീഫ് ഇലക്ടറൽ ഓഫിസർ ഡോ.രത്തൻ യു.ഖേൽഖർ. ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ ഇതുവരെ 99.5 ശതമാനം എന്യുമറേഷൻ ഫോമും വിതരണം ചെയ്തു കഴിഞ്ഞു എന്ന് അദ്ദേഹം വെളിപ്പെടുത്തി.
നിരവധി ബൂത്ത് ലെവൽ ഓഫീസർമാർക്ക് (BLOs) 100 ശതമാനം ഫോം ഡിജിറ്റലൈസ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, സ്ഥലം മാറിപ്പോയവർ, കണ്ടെത്താൻ കഴിയാത്തവർ എന്നിവരുടെ കണക്കുകൾ പ്രകാരം ഒരു ലക്ഷം പേർക്ക് ഇതുവരെ ഫോം കൊടുക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം വിശദീകരിച്ചു. ഫോം പൂരിപ്പിക്കുന്ന കാര്യത്തിൽ ഭാഷ ഒരു തടസ്സമല്ലെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ വ്യക്തമാക്കി.
‘ഇംഗ്ലീഷിൽ കൊടുത്ത ഫോമുകൾ പോലും പലയിടത്തും മറ്റ് ഭാഷകളിൽ പൂരിപ്പിച്ചു നൽകിയിട്ടുണ്ട്. മലയാളത്തിൽ എഴുതാൻ കഴിയാത്തവർക്ക്, കന്നഡ അറിയാമെന്ന് പറഞ്ഞപ്പോൾ, കന്നഡയിൽ തന്നെ ഫോം ഫിൽ ചെയ്ത് തിരിച്ചു നൽകിയിട്ടുണ്ട്. കൂടാതെ, കുമളി, ദേവികുളം മേഖലയിലെ വട്ടവട, കാന്തല്ലൂർ തുടങ്ങിയ പ്രദേശങ്ങളിൽ തമിഴിൽ ഫിൽ ചെയ്ത ഫോമുകളും ലഭിച്ചിട്ടുണ്ട്. അതിനാൽ ഭാഷ ഒരു പ്രശ്നമായി കാണുന്നില്ല.’- അദ്ദേഹം പറഞ്ഞു.
പ്രവാസി വോട്ടർമാർക്ക് വേണ്ടി നോർക്കയുമായി സഹകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ഷൻ കമ്മിഷൻ്റെ ബോധവൽക്കരണ മെറ്റീരിയൽസ് അടക്കമുള്ളവ നോർക്കയ്ക്ക് അയച്ചു കൊടുക്കാൻ ആവശ്യപ്പെട്ടിരുന്നു, അത് അയച്ചു കൊടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് നോർക്കയുടെ പ്രതികരണം ലഭിച്ചുകഴിഞ്ഞു. ഓവർസീസ് ഇലക്ടർമാർക്കായി ലഭ്യമായിട്ടുള്ള കോൾ സെന്ററുകൾ അടക്കമുള്ള എല്ലാ കാര്യങ്ങളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങൾ കൃത്യമായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Kerala Chief Electoral Officer reports 99.5% enumeration form distribution.
Published: 22 Nov 2025, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented