
തൃശ്ശൂർ: സുരേഷ്‌ഗോപിയുടെ വിജയത്തിനു പൂരം കലക്കൽ ഉപയോഗിച്ചോയെന്നതിന് ഉത്തരമില്ല. എ.ഡി.ജി.പി. ആയിരുന്ന എം.ആർ. അജിത്കുമാർ പൂരം കലക്കാൻ ഇടപെട്ടോയെന്നും അറിയില്ല. 2024-ലെ പൂരം കലക്കൽ ഉയർത്തിയ ഈ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരമില്ലെങ്കിലും സംഘാടകരായ തിരുവമ്പാടി ദേവസ്വത്തിലെ ചിലർ പ്രതികളാണെന്നുറപ്പായി. ക്രൈം ബ്രാഞ്ച് കഴിഞ്ഞ ദിവസം സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് തിരുവമ്പാടി ദേവസ്വം ഭാരവാഹികളായിരുന്നവരും പ്രതിപ്പട്ടികയിലുണ്ടെന്ന സൂചനയുള്ളത്.
പൂരം കലക്കലിൽ ഏറ്റവുമധികം ആരോപണങ്ങളുണ്ടായിരുന്നത് പോലീസിനെതിരേയായിരുന്നു. പോലീസിന്റെ അമിതനിയന്ത്രണത്തിൽ പ്രതിഷേധിച്ചാണ് തിരുവമ്പാടിവിഭാഗം രാത്രി പഞ്ചവാദ്യം നിർത്താനും എഴുന്നള്ളിപ്പ് ഒരാനപ്പുറത്താക്കാനും പൂരപ്പന്തലുകളിലെ ലൈറ്റ് ഓഫാക്കാനും തീരുമാനിച്ചത്. ഇതുമൂലം വെടിക്കെട്ടും വൈകി. പോലീസിന്റെയും മറ്റു ഉദ്യോഗസ്ഥരുടെയും ഇടപെടൽ സംബന്ധിച്ച് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ ഉദ്യോഗസ്ഥരുടെ വീഴ്‌ച പുറത്തുവന്നിട്ടില്ല.
ലോക്‌സഭാ സ്ഥാനാർഥിയായിരുന്ന സുരേഷ്‌ഗോപിയെ സഹായിക്കാനുള്ള നാടകമായിരുന്നു പൂരം കലക്കൽ എന്നായിരുന്നു അന്ന് കോൺഗ്രസും സി.പി.ഐ.യുമുൾപ്പെടെ വാദിച്ചിരുന്നത്. രാഷ്ട്രീയമായി വലിയതോതിൽ ഇത് ഉപയോഗിച്ചുവെങ്കിലും അന്വേഷണത്തിലൂടെ ഇതിനൊരു നിയമസാധുത വരുത്താനുള്ള ശ്രമം ഇതുവരെയുണ്ടായിട്ടില്ല.
മതവികാരം വ്രണപ്പെടുത്തൽ, സ്പർദ്ധയുണ്ടാക്കൽ തുടങ്ങിയ ഗുരുതരകുറ്റങ്ങൾ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആറിൽത്തന്നെ ഉൾപ്പെടുത്തിയിരുന്നു. പൂരം സംഘാടകർക്കെതിരേ ഇത്ര ഗുരുതരവകുപ്പുകൾ ചേർത്ത് കേസെടുക്കുന്നതും അതേസമയം മറ്റ് ആരോപണങ്ങളെ അവഗണിക്കുന്നതും പ്രശ്‌നം കൂടുതൽ രൂക്ഷമാക്കും.
പുനരന്വേഷണം വേണം- തിരുവമ്പാടി ദേവസ്വം
പൂരം കലക്കലിൽ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാർ. ഇതിനായി മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കാണും. പൂരം കലക്കലിന്റെ ഇരയായ അന്നത്തെ ലോക്സഭാസ്ഥാനാർഥി ദേവസ്വമന്ത്രി കെ. മുരളീധരനുമായും ചർച്ചചെയ്യും. ഓരോ വർഷവും പൂരം കൂടുതൽ പ്രൗഢമാക്കാൻ ശ്രമിക്കുന്ന തിരുവമ്പാടി ദേവസ്വം പൂരം കലക്കിയെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Crime Branch submitted an investigation report on the 2024 Thrissur Pooram disruption., Thiruvambadi Devaswom members have been included in the accused list., No official answers yet on ADGP M.R. Ajithkumar's alleged involvement or political motives., FIR includes serious charges such as hurting religious sentiments and promoting enmity.
Published: 23 Oct 2026, 07:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented