സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി റിട്ട. ജില്ലാ ജഡ്ജി എൻ. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരേ കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉയർത്തിയ ആരോപണം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പഠനകാലത്ത് എസ്.എഫ്.ഐ.യിൽ പ്രവർത്തിച്ച ഇദ്ദേഹം പിന്നീട് സംഘപരിവാർ സംഘടനകളോട് ആഭിമുഖ്യം പുലർത്തിയെന്നതടക്കമുള്ള വിമർശനമാണ് ഉന്നയിച്ചത്. ചൊവ്വാഴ്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേൽക്കുന്ന എൻ. ശേഷാദ്രിനാഥൻ മാതൃഭൂമി സീനിയർ റിപ്പോർട്ടർ വി.എസ്. സിജുവുമായി സംസാരിക്കുന്നു.

To advertise here,

? താങ്കളെ സംസ്ഥാന തിരഞ്ഞെടുപ്പുകമ്മിഷണറായി നിയമിക്കാനുള്ള തീരുമാനം അപ്രതീക്ഷിത വിവാദത്തിനാണിടയാക്കിയത്. സംഘപരിവാർ സംഘടനകളുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണമാണ് പി.എം. നിയാസ് ഉന്നയിച്ചത്

- സംഘപരിവാർ സംഘടനകളുമായി മാത്രമല്ല ജാതിമത സംഘടനകളുമായിട്ടൊന്നും ബന്ധമില്ല. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി രണ്ടുവർഷക്കാലം പ്രവർത്തിച്ചു. നിലവിൽ ഓൾ ഇന്ത്യ ജഡ്ജസ് അസോസിയേഷൻ വൈസ് പ്രസിഡന്റാണ്. പുതിയ ചുമതല ഏറ്റെടുക്കുന്നതിനാൽ ആ പദവി രാജിവെക്കും. നിയാസ് എന്റെ അടുത്ത സുഹൃത്താണ്. കോഴിക്കോട് ഗവൺമെന്റ് ലോകോളേജിൽ ഒരുമിച്ച് പഠിക്കുകയും പത്തുവർഷത്തോളം ഒരുമിച്ച് പ്രാക്ടീസ് നടത്തുകയും ചെയ്തവരാണ്. നിയാസ് എന്റെ വിവാഹത്തിൽവരെ പങ്കെടുത്തിരുന്നു.

? പഠിക്കുമ്പോഴും തുടർന്നും രാഷ്ട്രീയ പശ്ചാത്തലമുള്ള ആളാണെന്ന വിമർശനവും ഉന്നയിച്ചിരുന്നു

- വിവാദങ്ങളിൽ താത്പര്യമില്ല. പക്ഷേ, തിരിച്ചൊരു ചോദ്യമുണ്ട്. ഹൈക്കോടതിക്ക് സാമൂഹികമാധ്യമനിബന്ധനകളും പൊതുപെരുമാറ്റച്ചട്ടവും ഉണ്ട്. 15 വർഷത്തോളം സാമൂഹികമാധ്യമത്തിലൂടെ പ്രചാരണം നടത്തിയെന്നാണല്ലോ പറഞ്ഞത്. എങ്കിൽ 15 കൊല്ലം മുൻപേ ഹൈക്കോടതി കാരണം കാണിക്കൽ നോട്ടീസ് നൽകിയേനെ. ഹൈക്കോടതിക്ക് ഇന്റലിജൻസ് വിഭാഗവും വിജിലൻസ് വിഭാഗവും ഉള്ളതാണല്ലോ.

ജുഡീഷ്യൽ ഓഫീസേഴ്‌സ് എപ്പോഴും നിരീക്ഷണത്തിലാണ്. പൊതുസമൂഹത്തിന്റെ സോഷ്യൽ ഓഡിറ്റിങ്ങുമില്ലേ. അപ്പോൾ ഒരു ജുഡീഷ്യൽ ഓഫീസർ ഇത്തരത്തിലൊക്കെ പ്രവർത്തിച്ചെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. ആരോപണം ഉന്നയിച്ചവർ ഏതെങ്കിലും സാമൂഹികമാധ്യമത്തിലെ പ്രത്യേക പോസ്റ്റ് ചൂണ്ടിക്കാട്ടിയില്ല. അത് ഞാൻ ഡിലീറ്റ് ചെയ്താലും പറയാമല്ലോ ഇന്നതായിരുന്നു പോസ്റ്റ് എന്ന്. മാധ്യമങ്ങളും അക്കാര്യം നിയാസിനോട് ചോദിച്ചില്ല.

? ലക്ഷദ്വീപ് ഭരണാധികാരിക്കൊപ്പം നിൽക്കുന്ന ചിത്രം സാമൂഹികമാധ്യമത്തിൽ നൽകിയെന്ന ആരോപണം ഉന്നയിച്ചിരുന്നു

- ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററാണ് പോസ്റ്റ് ചെയ്തത്. അഡ്മിനിസ്‌ട്രേറ്ററാണ് അവിടത്തെ നിയമപരമായ അധികാരമുള്ള ഉദ്യോഗസ്ഥൻ. ഇവിടത്തെ ഗവർണറെപ്പോലെ. അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞത് പ്രകാരമാണ് എന്നെ ലക്ഷദ്വീപിൽ ജഡ്ജിയായി നിയമിച്ചത് എന്നുവരെ പ്രചാരണമുണ്ടായി. ലക്ഷദ്വീപിൽ ഒഴിവുവരുമ്പോൾ അഡ്മിനിസ്‌ട്രേറ്റർ ഹൈക്കോടതിയെ അറിയിക്കും. ഹൈക്കോടതി താത്പര്യമുള്ള ജില്ലാ ജഡ്ജിമാരുടെ പാനൽ തയ്യാറാക്കും.

ഇത്തരത്തിൽ തയ്യാറാക്കിയ പാനലിൽ നാലുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണ് മനസ്സിലാക്കുന്നത്. അതിൽ സീനിയറായ എന്നെ നിയമിക്കുകയായിരുന്നു. ഏഴു മാസമാണ് അവിടെ ജോലിചെയ്തത്. ഇതിനിടയിൽ ഏഴുതവണ എറണാകുളത്ത് വന്നു. മൂന്നുമാസം എറണാകുളത്തെ ക്യാമ്പിലായിരുന്നു സിറ്റിങ്. എത്ര കുറഞ്ഞ സമയമാണ് ലക്ഷദ്വീപിൽ നിന്നതെന്ന് ഇതിൽനിന്ന് വ്യക്തമാണല്ലോ. അഡ്മിനിസ്‌ട്രേറ്റർ ഒരു മാസത്തിലെ രണ്ടോ മൂന്നോ ദിവസമാണ് ലക്ഷദ്വീപിൽ ഉണ്ടാകുന്നത്.

അവിടെ ചുമതലയേറ്റപ്പോൾ 'അധികാരമുള്ള ഉദ്യോഗസ്ഥൻ' എന്നനിലയിൽ അഡ്മിനിസ്‌ട്രേറ്ററെ സന്ദർശിച്ചിരുന്നു. രണ്ട് മിനിറ്റായിരുന്നു സന്ദർശനം. പിന്നെ അവിടെനിന്ന് തിരിച്ചുവരുന്ന ദിവസവും കണ്ടു. അപ്പോൾ എടുത്ത ഫോട്ടോയാണ് ഫെയ്സ്ബുക്കിൽ അദ്ദേഹം കൊടുത്തത്. എന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടൊക്കെ നേരത്തേ നിർജീവമാക്കിയതാണ്. അതിനെയാണ്, ഇപ്പോൾ നിർജീവമാക്കിയെന്ന് ആരോപിക്കുന്നത്.

? പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐ. പ്രവർത്തകനായിരുന്നോ

- ഒരു ബന്ധവുമില്ല. ഞാൻ യു.യു.സി. ആയിരുന്നു എന്നൊക്കെ പലരും പറഞ്ഞു. ക്ലാസ് പ്രതിനിധിപോലുമായിട്ടില്ല. 1990 മുതൽ 2000 വരെ 10 വർഷക്കാലത്തോളം കോഴിക്കോട്ട് പ്രാക്ടീസ് ചെയ്തു. അഭിഭാഷകനായിരിക്കെപ്പോലും ഒരു രാഷ്ട്രീയപ്പാർട്ടിയുമായിച്ചേർന്ന് പ്രവർത്തിച്ചിട്ടില്ല. 2000-ൽ മുൻസിഫ് മജിസ്‌ട്രേറ്റായി നിയമിതനായി.

? മുഖ്യമന്ത്രിയുമായോ കോൺഗ്രസുമായോ അടുത്ത ബന്ധമുണ്ടോ

- ഒരു രാഷ്ട്രീയനേതാവുമായും ബന്ധമില്ല. തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ താത്പര്യമുള്ള ജില്ലാ ജഡ്ജിമാരുടെ വിവരങ്ങൾ ചോദിച്ചപ്പോൾ നൽകിയിരുന്നു. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നതിനു മുൻപ് വിരമിക്കാത്ത ആളെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കുന്നത്. 2030-ലാണ് അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ്. അത് കണക്കാക്കിയാണ് അടുത്തിടെ വിരമിച്ചവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം.

? ദീർഘനാൾ ജുഡീഷ്യൽ സർവീസിൽ പ്രവർത്തിച്ചശേഷമാണ് പുതിയ ചുമതലയിൽ

- ആദ്യമായല്ല ജുഡീഷ്യൽ സർവീസിൽനിന്ന് വിരമിച്ചൊരാൾ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതല വഹിക്കുന്നത്. മുൻപ് മൂന്ന് ജില്ലാ ജഡ്ജിമാർ ഈ ചുമതല വഹിച്ചിട്ടുണ്ട്. ജില്ലാ ജഡ്ജിമാർക്ക് അപരിചിതമല്ല തിരഞ്ഞെടുപ്പ് നടപടികൾ. പഞ്ചായത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾ മുൻസിപ്പൽ കോടതിയിലാണ് വരുന്നത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അത്തരം തർക്കങ്ങൾ പരിഗണിച്ച് തീർപ്പാക്കിയിട്ടുണ്ട്.

? പുതിയ ഉത്തരവാദിത്വത്തെ എങ്ങനെ കാണുന്നു

- വളരെ ഉത്തരവാദിത്വപ്പെട്ട സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ചുമതലയാണ്. നീതിന്യായ സംവിധാനത്തിൽ എത്രമാത്രം സ്വതന്ത്രമായി പ്രവർത്തിക്കണോ അത്തരത്തിൽ വേണം ഇവിടെയും. നീതിന്യായ മേഖലയിൽ പ്രവർത്തിച്ച സൂക്ഷ്മതയോടെ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ ചുമതലയും നിർവഹിക്കും.

? 2030-ലെ തിരഞ്ഞെടുപ്പാണല്ലേ പ്രധാന ഉത്തരവാദിത്വം

- അതിനുമുൻപ് മുപ്പതിലധികം വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.

? അതിനുമുൻപ് വോട്ടർപട്ടിക പുതുക്കൽ അടക്കമുള്ള നടപടികൾ ഉണ്ടാകുമോ

- അത്തരം കാര്യങ്ങൾ ചുമതലയേറ്റ ശേഷമേ പരിശോധിക്കൂ.