പാറളം: അവിശ്വാസത്തിലൂടെ ബി.ജെ.പി. പുറത്തായ പാറളം ഗ്രാമപ്പഞ്ചായത്തിൽ സി.പി.ഐ. പിന്തുണയോടെ കോൺഗ്രസ് ഭരണം പിടിച്ചു. വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി കോൺഗ്രസിലെ റോസ് മേരി അപേഷും വൈസ് പ്രസിഡന്റായി കെ.എസ്. നിഖിലും വിജയിച്ചു. സി.പി.ഐ.യുടെ രണ്ട് അംഗങ്ങൾ കോൺഗ്രസിനെ തുണയ്ക്കുകയായിരുന്നു. ഇവരെ പാർട്ടി പുറത്താക്കി.
17 അംഗ ഭരണസമിതിയിൽ് കോൺഗ്രസിനും ബി.ജെ.പി.ക്കും ആറുവീതവും ഇടതുമുന്നണിക്ക് അഞ്ചും (സി.പി.ഐ.-മൂന്ന്, സി.പി.എം.-രണ്ട്) അംഗങ്ങളായിരുന്നു. പത്തുമാസം മുൻപ് നടന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തോട് ഇടഞ്ഞുനിന്ന ഒരു വനിതാ അംഗം വോട്ട് അസാധുവാക്കിയതിനെത്തുടർന്ന് ആറ് വോട്ട് നേടിയ ബി.ജെ.പി.യിലെ അനിതാ പ്രസന്നൻ പ്രസിഡന്റായി. ഇവർക്കെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഇടതു പിന്തുണയോടെ പാസായതിനാലാണ് പുതിയ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
വ്യാഴാഴ്ച ആദ്യഘട്ട വോട്ടെടുപ്പിൽ റോസ് മേരി അപേഷിന് കോൺഗ്രസിന്റെ ആറും സി.പി.ഐ.യുടെ രണ്ടും അടക്കം എട്ട് വോട്ടു കിട്ടി. ബി.ജെ.പി.യിലെ അനിതയ്ക്ക് ആറും. സി.പി.ഐ.യിൽനിന്ന് മത്സരിച്ച സുധാ അനിലിന് സി.പി.എമ്മിന്റെ രണ്ട് വോട്ടടക്കം മൂന്ന് വോട്ടാണ് കിട്ടിയത്. ഭൂരിപക്ഷത്തിന് ഒൻപത് വോട്ട് വേണമെന്നതിനാൽ മൂന്നാമത്തെത്തിയ സുധയെ ഒഴിവാക്കി രണ്ടാംഘട്ടം വോട്ടെടുപ്പ് നടത്തി. റോസ് മേരിക്ക് രണ്ടാംഘട്ടത്തിലും എട്ടു വോട്ടായിരുന്നു, അനിതയ്ക്ക് ആറും. പക്ഷേ സുധയുടെയും രണ്ടു സി.പി.എം. അംഗങ്ങളുടെയും വോട്ട് അസാധുവായതോടെ സാധുവായ ആകെ വോട്ട് 15 ആയി കുറയുകയും എട്ട് വോട്ട് കിട്ടിയ റോസ് മേരി തിരഞ്ഞെടുക്കപ്പെടുകയുമായിരുന്നു.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പും സമാനരീതിയിലായിരുന്നു. ആദ്യഘട്ടത്തിൽ നിഖിലിന് എട്ടും ബി.ജെ.പി.യിലെ മനോജ് അയ്യപ്പത്തിന് ആറും സി.പി.എമ്മിലെ കെ.ആർ. അനൂപിന് മൂന്നും വോട്ട് കിട്ടി. രണ്ടാംഘട്ടത്തിൽ ഇടതുമുന്നണിയുടെ വോട്ട് അസാധുവാകുകയും നിഖിൽ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
10 മാസം മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കിയതിന് കോൺഗ്രസ് പുറത്താക്കിയ വി.പി. ബിന്ദുവിനെ പിന്നീട് തിരിച്ചെടുത്തിരുന്നു. അവർ ഇത്തവണ റോസ് മേരിക്ക് ചെയ്തു. എൽ.ഡി.ഫ്. തീരുമാനത്തിന് വിരുദ്ധമായി കോൺഗ്രസിനെ അനുകൂലിച്ച ലോക്കൽ കമ്മിറ്റി അംഗങ്ങൾ കൂടിയായ സി.എം. ഷക്കീർ, വനജാ രാജൻ എന്നിവരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയതായി സി.പി.ഐ. ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി അറിയിച്ചു.
Content Highlights: Congress won the Paralam panchayat presidency and vice-presidency., Two CPI members supported Congress, leading to their expulsion from the party., BJP was ousted following a successful no-confidence motion.
Published: 23 Oct 2026, 08:23 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented