തിരുവനന്തപുരം: പിഎംശ്രീ കരാറില്‍നിന്നുള്ള പിന്മാറ്റം കേന്ദ്രത്തെ അറിയിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കത്തയക്കാത്തതില്‍ സിപിഐയ്ക്ക് അമര്‍ഷം. അതേസമയം, വിഷയത്തില്‍ വീണ്ടുമൊരു തര്‍ക്കമുണ്ടാക്കേണ്ടെന്നു കരുതി ബുധനാഴ്ചത്തെ മന്ത്രിസഭയില്‍ സിപിഐ ഇക്കാര്യം ഉന്നയിച്ചില്ല.

To advertise here,

കത്തില്‍ വ്യക്തത തേടണമെന്ന് ചൊവ്വാഴ്ച സിപിഐ സംസ്ഥാന കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നതിനാല്‍, മന്ത്രിസഭയില്‍ ഉന്നയിക്കാനായിരുന്നു നീക്കം. എന്നാല്‍, സിപിഎമ്മുമായി രാഷ്ട്രീയധാരണ ഉണ്ടായ വിഷയം തത്കാലം മന്ത്രിസഭയില്‍ ചര്‍ച്ചയാക്കേണ്ടെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം ബുധനാഴ്ച മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

അതേസമയം, പിഎംശ്രീയില്‍ കേന്ദ്രത്തിനുള്ള കത്ത് വൈകുന്നതില്‍ ബിനോയ് വിശ്വം സിപിഎം നേതൃത്വത്തെ നിലപാടറിയിച്ചു. ഇപ്പോഴുള്ള ധാരണ ലംഘിക്കില്ലെന്നും കാലതാമസം സാങ്കേതികം മാത്രമാണെന്നും സിപിഎം വിശദീകരിച്ചു. അതിനാല്‍, പുരോഗതി നിരീക്ഷിച്ച് ആവശ്യമെങ്കില്‍ വീണ്ടും എതിര്‍പ്പ് പ്രകടിപ്പിക്കാമെന്ന നിലപാടിലാണ് സിപിഐ.

കത്ത് വൈകിയതിനാലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എസ്എസ്‌കെ ഫണ്ടനുവദിച്ചതെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ട്. എന്നാല്‍, സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരുടെ നിയമനം വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ടതു കൂടിയതിനാല്‍, കേസ് സുപ്രീംകോടതിയില്‍ വന്ന പശ്ചാത്തലത്തിലാണ് പണം നല്‍കാന്‍ കേന്ദ്രം നിര്‍ബന്ധിതമായതെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഐക്കു വിഷമമുണ്ടെന്നു കരുതുന്നില്ല -മന്ത്രി ശിവന്‍കുട്ടി

കേന്ദ്രത്തിനുള്ള കത്ത് വൈകിപ്പിച്ചില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി പ്രതികരിച്ചു. നിയമോപദേശം ഉടന്‍ ലഭിക്കും. കത്തു വൈകുന്നതില്‍ സിപിഐക്കു വിഷമമുണ്ടെന്നു കരുതുന്നില്ല. വിവാദത്തില്‍ നേട്ടമോ കോട്ടമോ ഇല്ലെന്നും മന്ത്രി പറഞ്ഞു. അര്‍ഹമായ കേന്ദ്ര ഫണ്ട് നേടിയെടുക്കാന്‍ കേരളം ഏതറ്റംവരെയും പോകുമെന്ന് മന്ത്രി പറഞ്ഞു.