തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം ഉയർന്ന ക്ലാസുകളിൽ പരിമിതപ്പെടുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അഞ്ചുമുതൽ 17 വരെ വയസ്സുള്ള കുട്ടികളുമായി നേരിട്ട് ഇടപഴകുന്നവരും അവരുടെ പഠന-വികസന പ്രക്രിയയിൽ നിർണായക പങ്കുവഹിക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. എൽ.പി., യു.പി. ക്ലാസുകളിൽ കുട്ടികളുടെ പ്രായമനുസരിച്ചുള്ള പ്രത്യേക പരിചരണവും ശ്രദ്ധയും വേണമെന്നതിനാൽ, പ്രവർത്തനക്ഷമതയുള്ളവർ ഭിന്നശേഷി സംവരണത്തിൽ നിയമിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ മാനദണ്ഡം വേണമെന്നാണ് സർക്കാർ പാക്കേജിലെ ശുപാർശ. ഭിന്നശേഷിക്കാരുടെ അവകാശങ്ങളും കുട്ടികളുടെ സുരക്ഷിത വിദ്യാഭ്യാസത്തിനുള്ള അവകാശവും ഒരുപോലെ സംരക്ഷിക്കുന്ന ശാസ്ത്രീയസമീപനം വേണമെന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

To advertise here,

മിനിമം 40 ശതമാനം പരിമിതി ഉള്ളവർക്കാണ് നിലവിൽ സംവരണം. അധ്യാപക നിയമനത്തിൽ പരമാവധി അവശത എത്രശതമാനം വരെയാകാമെന്നു പറയുന്നില്ല. അതിനാൽ, മാനസികരോഗാവസ്ഥയും ബഹുവിധ ഭിന്നശേഷിയുള്ളവരുമൊക്കെ നിയമിക്കപ്പെടുന്നു. അധ്യാപകതസ്തികയുടെ അടിസ്ഥാനചുമതലകൾ നിർവഹിക്കാനുള്ള പ്രവർത്തനക്ഷമത സംബന്ധിച്ച് ഏകീകൃത പരിശോധനാ സംവിധാനമില്ല. പരമാവധി 70 ശതമാനംവരെ പരിമിതി എന്നായി നിജപ്പെടുത്തണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

അധ്യാപകരുടെ ഉത്തരവാദിത്വം അക്കാദമിക ചുമതലയിൽമാത്രം ഒതുങ്ങുന്നതല്ല. വിദ്യാർഥികളുടെ സുരക്ഷയും ആത്മവിശ്വാസവും സാമൂഹികവത്കരണവും ഉറപ്പാക്കേണ്ട പ്രധാനവ്യക്തിയാണ്. ഇത്തരം ചുമതല നിർവഹിക്കാനുള്ള കാര്യക്ഷമത ഉറപ്പുവരുത്തുന്ന മാനദണ്ഡം അധ്യാപനിയമനത്തിൽ സാമൂഹികനീതി വകുപ്പ് തയ്യാറാക്കണം. തൊഴിൽ അധിഷ്ഠിതമായ ശാരീരിക-പ്രവർത്തനക്ഷമതാ സർട്ടിഫിക്കറ്റ് മെഡിക്കൽ ബോർഡിൽ നിന്ന് ലഭ്യമാക്കാൻ ആവശ്യപ്പെടാം. വ്യക്തിയുടെ നിയമപരമായ ഭിന്നശേഷിമാത്രം പരിഗണിക്കരുതെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.