തിരുവനന്തപുരം: പിഎം ശ്രീയിൽ നിന്ന് സംസ്ഥാനത്തിന് ഏകപക്ഷീയമായി പിന്മാറാൻ സാധിക്കില്ലെന്ന് നിയമസഭയിൽ സംസ്ഥാന സർക്കാർ. മുൻ സർക്കാർ ഒപ്പുവെച്ച എം.ഒ.യു പ്രകാരം സംസ്ഥാനങ്ങൾക്ക് ഏകപക്ഷീയമായി പദ്ധതിയിൽ നിന്ന് പിന്മാറാൻ വ്യവസ്ഥയില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ നിയമസഭയിൽ വ്യക്തമാക്കി. ചോദ്യോത്തര വേളയിൽ പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് മറുപടി നൽകവേയാണ് മന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. പദ്ധതി നടപ്പിലാക്കാത്തതിന്റെ പേരിൽ സമഗ്ര ശിക്ഷ ഉൾപ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള ഫണ്ട് കേന്ദ്രം നിർത്തിവെച്ചു. സൗജന്യ യൂണിഫോം, പാഠപുസ്തക വിതരണം, ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ എന്നിവ ഫണ്ട് ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായി. പദ്ധതി നടപ്പിലാക്കണോ എന്നത് പരിശോധിക്കുന്നതിനായി രൂപീകരിച്ച ഉപസമിതി രണ്ടുതവണ യോഗം ചേർന്നുവെന്നും എല്ലാ വശങ്ങളും പഠിച്ച് ഉപസമിതി റിപ്പോർട്ട് സമർപ്പിച്ച ശേഷം ഭാവി നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

To advertise here,

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഡിപ്പാർട്ട്മെന്റ് ഓഫ് സ്‌കൂൾ എജുക്കേഷൻ ആൻഡ് ലിറ്ററസിയും സംസ്ഥാന സർക്കാരും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രം പ്രകാരം പദ്ധതിയിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനുള്ള അവകാശം സംസ്ഥാനത്തിനില്ലെന്ന് മന്ത്രി വ്യക്തമാക്കി. പൊതുതാൽപ്പര്യാർത്ഥം 30 ദിവസത്തെ നോട്ടീസ് നൽകി കരാർ റദ്ദാക്കാനുള്ള അധികാരം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് മാത്രമാണുള്ളതെന്നും, വ്യവസ്ഥകളിൽ മാറ്റം വരുത്താൻ ഇരുവിഭാഗങ്ങളുടെയും പരസ്പര സമ്മതം ആവശ്യമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ, ഭരണഘടനയുടെ ആർട്ടിക്കിൾ 299 അനുസരിച്ച് ഗവർണറുടെ നാമദേയത്തിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥൻ ഒപ്പിടാത്തതിനാൽ കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് ഒപ്പുവെച്ച എം.ഒ.യു സ്വതവേ അസാധുവാണെന്ന് (Void ab initio) പി. പ്രസാദ് എം.എൽ.എ സഭയിൽ വാദിച്ചു.

പി.എം. ശ്രീ പദ്ധതി നടപ്പിലാക്കാത്തതിനാൽ 1607 കോടി രൂപയുടെ കേന്ദ്രവിഹിതമാണ് കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്നത് സംസ്ഥാനത്തെ കുട്ടികളുടെ അവകാശങ്ങളുടെ ലംഘനമാണെന്നും ഇത് പി.എം. ശ്രീയുമായി കൂട്ടിക്കുഴക്കരുതെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സംസ്ഥാന സർക്കാറിന്റെ പാഠ്യപദ്ധതിയല്ലാതെ മറ്റ് സിലബസുകൾ അനുവദിക്കില്ലെന്നതാണ് നിലപാടെന്ന് മന്ത്രി ആവർത്തിച്ചു. തമിഴ്‌നാട് ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളും പി.എം. ശ്രീ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. ആദ്യം പിന്മാറിയ പഞ്ചാബ് പിന്നീട് 419 സ്‌കൂളുകളിൽ പദ്ധതി വീണ്ടും നടപ്പാക്കാൻ തീരുമാനിച്ചു. 2022-ൽ ആരംഭിച്ച പി.എം. ശ്രീ പദ്ധതിയുടെ കാലാവധി 2027 മാർച്ച് 31-ഓടെ അവസാനിക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള 'പി.എം. ഉഷ' (PM USHA) പദ്ധതി പ്രകാരം 400 കോടിയിൽ പരം രൂപ സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നും 2028 വരെയാണ് അതിന്റെ കാലാവധിയെന്നും ചോദ്യത്തര വേളയിൽ മന്ത്രി കൂട്ടിചേർത്തു.