തിരുവനന്തപുരം: സഹകരണമേഖലയിൽ വിമാനക്കമ്പനി തുടങ്ങാനുള്ള പദ്ധതിക്ക് സഹകരണ വകുപ്പിന്റെ അനുമതി. കേരള സിവിൽ ഏവിയേഷൻ സഹകരണസംഘത്തിന് രജിസ്‌ട്രേഷൻ നൽകാൻ തീരുമാനമായി.

To advertise here,

ഇതിന്റെ അടിസ്ഥാനത്തിൽ പ്രാരംഭ ഓഹരി മൂലധനം സ്വരൂപിക്കാൻ ചീഫ് പ്രമോട്ടർ സി.എൻ. വിജയകൃഷ്ണനോട് സഹകരണസംഘം രജിസ്ട്രാർ നിർദേശിച്ചു. 27 ലക്ഷം രൂപയാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിന് ഓഹരി മൂലധനമായി നൽകേണ്ടത്. ഇത് കേരളാബാങ്കിന്റെ ശാഖയിൽ ഒടുക്കി, രേഖകൾ ഓഹരി ഉടമകളുടെ പട്ടികസഹിതം സഹകരണ രജിസ്ട്രാർക്ക് നൽകിയാൽ രജിസ്‌ട്രേഷൻ പൂർത്തിയാകും.

ആഭ്യന്തര വിമാനസർവീസ് തുടങ്ങാനാണു പദ്ധതി. സഹകരണസംഘത്തിന് നേരിട്ട് ഏവിയേഷൻ സർവീസ് നടത്തുന്നതിനുള്ള അനുമതി ലഭിക്കില്ല. അതിനാൽ, പ്രത്യേക കമ്പനിക്കാകും അനുമതി വാങ്ങുക.

സഹകരണസംഘങ്ങൾക്കു കീഴിൽ അനുബന്ധകമ്പനികൾ തുടങ്ങുന്നതിനുള്ള വ്യവസ്ഥ കഴിഞ്ഞ സർക്കാർ ഒഴിവാക്കിയിരുന്നു. ‌അതിനാൽ, കേരള സിവിൽ ഏവിയേഷൻ സഹകരണ സംഘത്തിനു കീഴിൽ ഏവിയേഷൻ കമ്പനി തുടങ്ങണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ പ്രത്യേക ഉത്തരവു വേണ്ടിവരും. ചെറുവിമാനങ്ങൾ വാടകക്കെടുത്ത് കേരളത്തിനുള്ളിലും അയൽസംസ്ഥാനങ്ങളിലുമായി സർവീസ് നടത്തുന്നതാണ് പദ്ധതി.

ആദ്യ ചുവടുവെപ്പ് പൂർത്തിയായി

ലോകത്ത് ഇത്തരമൊരു മാതൃകയില്ല. കേരള സിവിൽ ഏവിയേഷൻ സഹകരണസംഘത്തിന് അനുമതി ലഭിക്കുന്നതിലൂടെ ആദ്യഘട്ടം പൂർത്തിയായി. പദ്ധതി വേഗം ലക്ഷ്യപ്രാപ്തിയിലെത്തിക്കാനാണ് ശ്രമം.- സി.എൻ. വിജയകൃഷ്ണൻ, ചീഫ് പ്രമോട്ടർ, കേരള സിവിൽ ഏവിയേഷൻ സഹകരണസംഘം