തിരുവനന്തപുരം: സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിന് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നതിനുള്ള വ്യവസ്ഥകൾ സഹകരണസംഘം രജിസ്ട്രാർ പുറത്തിറക്കി. നിയമിക്കപ്പെടുന്നയാളുടെ മൂന്നുവർഷത്തെ പ്രവർത്തനം പോലീസ് പരിശോധിച്ച് റിപ്പോർട്ട് നൽകണം. റിപ്പോർട്ട് എതിരായാൽ നിയമനം റദ്ദാക്കാനും വ്യവസ്ഥയുണ്ട്.

To advertise here,

എയ്‌ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുമേഖലാസ്ഥാപനങ്ങൾ, ക്ഷേമനിധി ബോർഡുകൾ, വികസന അതോറിറ്റികൾ, സഹകരണസ്ഥാപനങ്ങൾ, ദേവസ്വംബോർഡുകൾ എന്നിവിടങ്ങളിലെ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കണമെന്ന് ആഭ്യന്തരവകുപ്പ് നിർദേശിച്ചിരുന്നു. ഇതനുസരിച്ച് സഹകരണനിയമനത്തിൽ ഭേദഗതിവരുത്തി.

നിയമിക്കപ്പെടുന്നവരുടെ സ്വഭാവം, മുൻകാലചരിത്രം എന്നിവ വ്യക്തമാകുന്ന പോലീസ് റിപ്പോർട്ടാണ് നിയമന അതോറിറ്റി വാങ്ങേണ്ടതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. നിയമനം സ്ഥിരപ്പെടുത്തുന്നതിനായി ആറുമാസത്തിനുള്ളിൽ പോലീസ് റിപ്പോർട്ട് വാങ്ങിയിരിക്കണം.

റാങ്ക് പട്ടികയിൽനിന്ന് നിയമനം നൽകി രണ്ടാഴ്ചയ്ക്കുള്ളിൽ പോലീസ് പരിശോധനയ്ക്കുള്ള അപേക്ഷ സഹകരണസ്ഥാപനങ്ങളുടെ മേലധികാരി പോലീസിന് നൽകണം. അന്വേഷണ തീയതിക്കു മുൻപുള്ള മൂന്നുവർഷത്തെ പ്രവർത്തനമാണ് പരിശോധിക്കേണ്ടത്. ഒന്നിലേറെ ജില്ലകളിൽ താമസിച്ചിട്ടുള്ളയാളാണെങ്കിൽ അവിടെനിന്നെല്ലാം ജില്ലാ പോലീസ് മേധാവിയിൽനിന്ന് റിപ്പോർട്ട് വാങ്ങേണ്ടതുണ്ട്.

സംസ്ഥാനത്തിനുപുറത്ത് ആറുമാസത്തിലധികം താമസിച്ചിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട ജില്ലകളിലെ സൂപ്രണ്ടുമാരിൽനിന്നാണ് റിപ്പോർട്ട് വാങ്ങേണ്ടത്. വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമാത്രമാണ് മറ്റു സംസ്ഥാനങ്ങളിൽ താമസിച്ചതെങ്കിൽ അതിന്റെ പോലീസ് റിപ്പോർട്ട് വാങ്ങേണ്ടതില്ല. പകരം, പഠിച്ച സ്ഥാപനത്തിലെ മേധാവിയിൽനിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പോലീസ് റിപ്പോർട്ട് എതിരാണെങ്കിൽ നിയമനം റദ്ദാക്കുന്നതിനുമുൻപ്‌ ജീവനക്കാരന് വിശദീകരണം നൽകാനുള്ള സമയം നൽകണം. ഇതുകൂടി പരിഗണിച്ചായിരിക്കണം അന്തിമതീരുമാനമെടുക്കേണ്ടതെന്നാണ് സർക്കുലറിൽ പറയുന്നത്.