ന്യൂഡൽഹി: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന ആകാംക്ഷനിറഞ്ഞ പകലായിരുന്നു ശനിയാഴ്ച ഡൽഹിയിലെ കേരള ഹൗസിൽ. കെ. കരുണാകരനും എ.കെ. ആന്റണിയും കോൺഗ്രസിൽ ശക്തികേന്ദ്രങ്ങളായിരുന്നപ്പോഴും, പിന്നീട് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കോൺഗ്രസിലെ പ്രബലവിഭാഗങ്ങൾക്ക് നേതൃത്വം നൽകിയപ്പോഴും പാർട്ടിയിലെ നിർണായക നാടകങ്ങൾക്കും ചർച്ചകൾക്കും കേരള ഹൗസ് വേദിയായിട്ടുണ്ട്. മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ ഇത്രയും ഉദ്വേഗവും അവ്യക്തതയും നിറഞ്ഞ സാഹചര്യം മൂന്ന് പതിറ്റാണ്ടിനിടെ ഉണ്ടായിട്ടില്ല.

To advertise here,

1991-ൽ യു.ഡി.എഫ്. അധികാരത്തിലെത്തിയപ്പോൾ കെ. കരുണാകരനായിരിക്കും മുഖ്യമന്ത്രിയെന്നതിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. 2001-ൽ അന്ന് യു.ഡി.എഫിനെ വൻവിജയത്തിലേക്ക് നയിച്ച പ്രതിപക്ഷനേതാവായിരുന്ന എ.കെ. ആന്റണിയായിരിക്കും മുഖ്യമന്ത്രിയെന്ന് എല്ലാവർക്കും അറിയാമായിരുന്നു. 2011-ൽ ഉമ്മൻചാണ്ടിയുടെ കാര്യത്തിൽ തർക്കമുണ്ടായിരുന്നില്ല. എന്നാൽ, ഇക്കുറി സ്ഥിതി വ്യത്യസ്തമായി. പ്രബലരായ മൂന്ന് നേതാക്കൾ ഒരേപോലെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി ഉറച്ചുനിൽക്കുകയായിരുന്നു.

വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫും ശനിയാഴ്ച പുലർച്ചെയാണ് കേരളത്തിൽനിന്ന് ഡൽഹിയിലെത്തിയത്. വി.ഡി. സതീശനും സണ്ണി ജോസഫും നേരിട്ട് കേരള ഹൗസിലെത്തി. രമേശ് ചെന്നിത്തല ശനിയാഴ്ച രാവിലെ ഒൻപതോടെയാണുവന്നത്. പിന്നീട് സതീശൻ താമസിക്കുന്ന 104-ാം നമ്പർ സ്യൂട്ട് റൂമും രമേശ് ചെന്നിത്തല താമസിക്കുന്ന 201-ാം നമ്പർ റൂമും സണ്ണി ജോസഫ് താമസിക്കുന്ന 206-ാം നമ്പർ റൂമുമായിരുന്നു ശ്രദ്ധാകേന്ദ്രങ്ങൾ. ലോധി എസ്റ്റേറ്റിലെ വസതിയിൽനിന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേരള ഹൗസിലേക്കെത്തിയില്ല. ഇവർ പരസ്പരം കണ്ടതുമില്ല.

സതീശന്റെ പുതിയ പുസ്തകവും മുളകിട്ട മീൻകറിയും
പലപ്പോഴും തുറന്ന് സംസാരിക്കാറുള്ള വി.ഡി. സതീശൻ വൈകുന്നേരത്തേ യോഗത്തെക്കുറിച്ചോ തന്റെ നിലപാടിനെക്കുറിച്ചോ മാധ്യമങ്ങളോട് സംസാരിച്ചില്ല. വിവിധ ക്രൈസ്തവസഭകളുടെ സമ്മളനങ്ങളിൽ താൻ നടത്തിയ പ്രസംഗങ്ങളുടെ സംഗ്രഹമായ 'ആദം നീ എവിടെയാകുന്നു' എന്ന പുസ്തകത്തെക്കുറിച്ചാണ് സതീശൻ വാചാലനായത്. കേരളത്തിലെ വ്യത്യസ്ത പാചകരീതികളെക്കുറിച്ച് വിവരിക്കുന്ന പുതിയ പുസ്തകം ഉടൻ എഴുതുമെന്നും അദ്ദേഹം പറഞ്ഞു. മലബാർമുതൽ തിരുവനന്തപുരംവരെയുള്ള പാചകശൈലികളുടെ പ്രത്യേകതയും മുളകിട്ട മീൻകറിയെപ്പറ്റിയും മാങ്ങായിട്ട മീൻകറിയെക്കുറിച്ചുമൊക്കെ അദ്ദേഹം സരസമായി വിവരിച്ചുകൊണ്ടിരുന്നു.

ചെന്നിത്തലയും മനസ്സ് തുറന്നില്ല 
രമേശ് ചെന്നിത്തല വൈകുന്നേരത്തെ യോഗത്തെക്കുറിച്ചോ താൻ സ്വീകരിക്കാൻപോകുന്ന നിലപാടിനെക്കുറിച്ചോ സംസാരിച്ചില്ല. എന്നാൽ, മറ്റ് കാര്യങ്ങളെക്കുറിച്ച് സന്ദർശകരോട് വാചാലനായി. ഇടയ്ക്കിടെ വരുന്ന ഫോൺ കോളുകളോടും ഹ്രസ്വമായ പ്രതികരണം. തലേ ദിവസം രാത്രി വൈകിയെത്തിയതിനാൽ ഇടയ്ക്ക് ചെറിയ ഉച്ചമയക്കം. പിന്നീട് സന്ദർശനത്തിനായി പുറത്തേക്ക്.

യോഗ അറിയിപ്പ് ഉച്ചയോടെ 
സണ്ണി ജോസഫ് ഇടയ്ക്ക് തന്റെ ഒരു അഭിഭാഷക സുഹൃത്തിനെ കാണാൻ പുറത്തുപോയി. പിന്നീട് കേരള ഹൗസിൽ തിരിച്ചെത്തി അല്പനേരം ഉറക്കം. ഖാർഗെയുടെ വസതിയിലെ യോഗം വൈകീട്ട് നാലിന് എന്ന അറിയിപ്പ് നേതാക്കൾക്ക് ഉച്ചയോടെ ലഭിച്ചു. മൂന്നരകഴിഞ്ഞപ്പോൾ ആദ്യം സണ്ണി ജോസഫും പിന്നീട് വി.ഡി. സതീശനും യോഗത്തിനായി പുറത്തേക്ക്. പിന്നാലെ വൻ മാധ്യമസംഘവും. നേരത്തേ പുറത്തുപോയിരുന്ന ചെന്നിത്തല നേരിട്ട് രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിലേക്ക്.