ന്യൂഡൽഹി: കടലില്ല ഡൽഹിയിൽ. എന്നാൽ, ജനപ്രതിഷേധങ്ങളുടെ കടലിരമ്പം അലയടിക്കുന്നുണ്ട് ഓരോ തെരുവിലും. പ്രതിഷേധക്കടലുകൾക്ക് ഒരൊറ്റ ലക്ഷ്യം: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി. കോൺഗ്രസും ഇടതുപാർട്ടികളുമടങ്ങുന്ന ഇന്ത്യസഖ്യം സമരപരമ്പരകളുമായി രാജ്യതലസ്ഥാനത്തെ പ്രതിഷേധക്കളമാക്കിയിരിക്കുന്നു.

To advertise here,

ശനിയാഴ്ചമുതൽ സി.ജെ.പി.യുടെ നേതൃത്വത്തിൽ വിദ്യാർഥി, യുവജനസംഘടനകളുടെ ഊഴമാണ്. ഗ്യാനേഷിന്റെ രാജിയിൽ ഒതുങ്ങുന്നില്ല കോക്രോച്ച് പാർട്ടി. തിരഞ്ഞെടുപ്പ് കമ്മിഷണർമാർക്ക് പ്രത്യേക പരിരക്ഷ ഉറപ്പാക്കുന്ന 2023-ലെ നിയമം ഭേദഗതി ചെയ്യണമെന്നും അവർ ആവശ്യപ്പെടുന്നു.

ഡൽഹി നിരന്തര പ്രതിഷേധങ്ങളുടെ പ്രദേശമായി മാറുന്ന കാഴ്ചയാണിപ്പോൾ. പല വലയങ്ങളായി പോലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, കേന്ദ്രസേന എന്നിവ നിലയുറപ്പിച്ച് കോട്ട തീർക്കുമ്പോഴും അതിനുള്ളിൽ പ്രതിഷേധത്തീ കത്തിക്കുകയാണ് പ്രതിപക്ഷം. അപ്രതീക്ഷിതമായി സമരത്തിന്റെ ഗതികൾ മാറ്റുന്നതിനാൽ ഡൽഹി പോലീസിനും സർക്കാരിനും കണക്കുകൂട്ടലുകൾ തെറ്റുന്നു. ഗ്യാനേഷ് കുമാറിന്റെ രാജിക്കപ്പുറം എസ്.ഐ.ആർ. വിഷയത്തിൽ മോദിസർക്കാരിന് പോംവഴികളൊന്നും നൽകാത്ത വിധത്തിലാണ് ഒറ്റക്കെട്ടായി പ്രതിഷേധ സമരങ്ങൾ അരങ്ങേറുന്നത്. ഇന്ത്യസഖ്യത്തിനകത്തെ പിണക്കങ്ങൾ മാറ്റിവെച്ച് നേതാക്കളും അണികളും സമരരംഗത്തുണ്ട്.

15 വർഷത്തിനുള്ളിൽ മോദി സർക്കാർ നേരിടുന്ന മൂന്നാം വമ്പൻ വെല്ലുവിളിയാണിത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ രാജിവെപ്പിച്ചാണ് വിദ്യാർഥി പ്രക്ഷോഭത്തിൽനിന്ന് തലയൂരിയതെങ്കിൽ, ഒരു ഭരണഘടനാസ്ഥാപനത്തിന്റെ തലവനെ രാജിവെപ്പിച്ച് പ്രശ്‌നം പരിഹിക്കുക സർക്കാരിന് എളുപ്പമല്ല. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷൻ സ്വതന്ത്രസ്ഥാപനമാണെന്നും തീരുമാനങ്ങളിൽ പങ്കില്ലെന്നും വാദിച്ചുനോക്കാം. എന്നാൽ, നിലവിലെ അന്തരീക്ഷത്തിൽ അതത്ര ഏശാനിടയില്ല. അതിനാൽ, ഗ്യാനേഷിന്റെ രാജി ഫലത്തിൽ സർക്കാരിന്റെ രാജിയാണ്.

ഗ്യാനേഷ് മാറിയാൽ മറ്റൊരു ഗ്യാനേഷ് വരുമെന്നും അതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനവ്യവസ്ഥകൾ ഭേദഗതി ചെയ്യണമെന്നുമുള്ള സി.ജെ.പി.യുടെ ആവശ്യവും മറ്റൊരു നിയമയുദ്ധത്തിന്റെ വാതിലാണ് തുറക്കുന്നത്.