ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ റെയില്‍വേയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മുഖ്യമന്ത്രി റെയില്‍വേ മന്ത്രിയുമായി ചര്‍ച്ച ചെയ്തത്. അങ്കമാലി ശബരി റെയില്‍പാത യാഥാര്‍ഥ്യമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി വി.അബ്ദുറഹിമാന്‍ ചര്‍ച്ചയ്ക്ക് ശേഷം അറിയിച്ചു. മന്ത്രി അബ്ദുറഹിമാനും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി.തോമസും ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു.

To advertise here,

അങ്കമാലി ശബരി റെയില്‍പാതയുമായി ബന്ധപ്പെട്ട് കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തും. ഇക്കാര്യമാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും അബ്ദു റഹിമാന്‍ പറഞ്ഞു. അതേസമയം സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് ചര്‍ച്ച നടന്നോ എന്നത് വ്യക്തമാക്കാന്‍ മന്ത്രി തയ്യാറായില്ല. എന്നാല്‍ സില്‍വര്‍ ലൈനിന് ബദലായുള്ള സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി പരിഗണനയിലുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചതായാണ് വിവരം. ഇ.ശ്രീധരന്‍ നേരത്തെ സംസ്ഥാന സര്‍ക്കാരിന് മുമ്പാകെ അവതരിപ്പിച്ച പദ്ധതിയാണിത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയും ഇതിനുണ്ട്. അധികംവൈകാതെ തന്നെ ശ്രീധരന്‍ റെയില്‍വേ മന്ത്രിയുമായും റെയില്‍വേ ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തും.

സില്‍വര്‍ ലൈനിന് കേന്ദ്രം ചുവപ്പുകൊടി കാണിച്ചതോടെയാണ് ശ്രീധരന്‍ അവതരിപ്പിച്ച ബദല്‍നിര്‍ദേശത്തിന് സംസ്ഥാന സര്‍ക്കാര്‍ പിന്തുണ നല്‍കിയിരുന്നത്.