ന്യൂഡൽഹി: ബിജെപി അംഗങ്ങളായ രണ്ട് മുൻ ജഡ്ജിമാരെ സീനിയർ അഭിഭാഷക പാനലിൽനിന്ന് കേരളം ഒഴിവാക്കി. ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിമാരായ പി.എൻ. രവീന്ദ്രൻ, വി. ചിദംബരേഷ് എന്നവരെയാണ് സീനിയർ അഭിഭാഷക പാനലിൽനിന്ന് കേരളം ഒഴിവാക്കിയത്. ബിജെപി അംഗത്വം കാരണമാണ് ഈ രണ്ടുപേരും പുതിയ പാനലിൽ ഉൾപെടാത്തത് എന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.

To advertise here,

ഇരുവരും പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സംസ്ഥാന സർക്കാരിന്റെ അഭിഭാഷക പാനലിൽ ഉൾപ്പെട്ടിരുന്നു. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് പുതിയ സീനിയർ അഭിഭാഷക പാനലിന് അംഗീകാരം നൽകിയത്.

2018-ൽ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് പി. എൻ. രവീന്ദ്രനും 2019-ൽ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് വി. ചിദംബരേഷും 2021-ലാണ് ബിജെപിയിൽ അംഗത്വം എടുത്തത്. എറണാകുളത്ത് നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനിൽനിന്നാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. അതിന് ശേഷം ബിജെപി, ആർ.എസ്.എസ് സഹയാത്രികരായ വിരമിച്ച ജഡ്ജിമാർ പുറത്തിറക്കുന്ന പ്രസ്താവനകളിൽ ചിലതിൽ ഇരുവരും ഒപ്പുവെച്ചിരുന്നു.

2021-ൽ അധികാരത്തിൽവന്ന പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് സീനിയർ അഭിഭാഷക പാനലിൽ ജഡ്ജിമാരായ, വി. ചിദംബരേഷ്, പി.എൻ. രവീന്ദ്രൻ എന്നിവരുടെ പേര് ഉണ്ടായിരുന്നു. സംസ്ഥാന സർക്കാർ എതിർ കക്ഷിയായ ചില കേസുകളിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരാകുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നുവെന്ന് വി. ചിദംബരേഷ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയും ഹാജർ ആകാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.

സിപിഎം അഭിഭാഷക സംഘടനയുമായി ബന്ധമുള്ളവരും പുറത്ത്

സിപിഎമ്മിന്റെ അഭിഭാഷക സംഘടനായ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയന്റെ ദേശീയ ജനറൽ സെക്രട്ടറി പി.വി. സുരേന്ദ്രനാഥിനെ സംസ്ഥാന സർക്കാരിന്റെ സീനിയർ അഭിഭാഷക പാനലിൽനിന്ന് ഒഴിവാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി പല കേസുകളിലും ഹാജരായിരുന്ന മുൻ എസ്.എഫ്.ഐ നേതാവും ഇടത് സഹയാത്രികനുമായ പി.വി. ദിനേശിന്റെ പേരും സംസ്ഥാന മന്ത്രിസഭാ അംഗീകരിച്ച സീനിയർ അഭിഭാഷക പാനലിൽ ഇല്ല.

ലാവലിൻ കേസിൽ പിണറായിക്കെതിരെ ഹാജരായ ദേവദത്ത് കാമത്തും എം. രമേശ് ബാബുവും പട്ടികയിൽ

എസ്.എൻ.സി ലാവലിൻ കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സുപ്രീം കോടതിയിൽ ഹാജരായ രണ്ട് അഭിഭാഷകരാണ് സംസ്ഥാന സർക്കാരിന്റെ പുതിയ സീനിയർ അഭിഭാഷക പാനലിൽ ഉൾപ്പെട്ടിരിക്കുന്നത്. പിണറായി വിചാരണ നേരിടണമെന്ന് വാദിച്ച ദേവദത്ത് കാമത്തും എം. ആർ. രമേശ് ബാബുവും ആണ് സംസ്ഥാന സര്ക്കാരിന്റെ സീനിയർ അഭിഭാഷക പാനലിൽ ഉൾപ്പെട്ടത്. ഇരുവരും വി.എം. സുധീരന് വേണ്ടിയാണ് സുപ്രീം കോടതിയിൽ ലാവലിൻ കേസിൽ ഹാജരായത്. രമേശ് ബാബു നിലവിൽ സംസ്ഥാന സർക്കാരിന്റെ സീനിയർ സ്റ്റാന്റിങ് കോൺസൽ കൂടിയാണ്.

സംസ്ഥാന സർക്കാരിന്റെ പുതിയ സീനിയർ അഭിഭാഷക പാനൽ

അറ്റോർണി ജനറൽ, സോളിസിസ്റ്റർ ജനറൽ, അഡീഷണൽ സോളിസിസ്റ്റർ ജനറൽ, കെ കെ വേണുഗോപാൽ, കപിൽ സിബൽ, അഭിഷേക് മനു സിംഗ്‌വി, വി ഗിരി, ജയ്ദീപ് ഗുപ്ത, ആർ ബസന്ത്, സിദ്ധാർഥ് ലൂതറ, പി ബി കൃഷ്ണൻ, എ ഹരിപ്രസാദ്, ഷാജി പി ചാലി, പി ബി സുരേഷ് കുമാർ, വി ജി അരുൺ, ദേവദത്ത് കാമത്ത്, സി എൻ ശ്രീകുമാർ, കെ രാധാകൃഷ്ണൻ, സി എസ് വൈദ്യനാഥൻ, റോമി ചാക്കോ, അരവിന്ദ് പി ദത്താർ, അനിത ഷേണായ്, റിതിൻ റായ്, മുകുൾ റോത്തഗി, മോഹൻ കത്താർകി, കൃഷ്ണൻ വേണുഗോപാൽ, നവീൻ ആർ നാഥ്‌, സന്തോഷ് പോൾ, റെബേക്ക ജോൺ, പ്രശാന്തോ ചന്ദ്ര സെൻ, ഹരേൻ പി റാവൽ, രാഗേന്ദ് ബസന്ത്, രമേശ് ബാബു എം.ആർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് 33 സീനിയർ അഭിഭാഷകരുടെ പേരുകൾ അംഗീകരിച്ചത്.