തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുന്ന വികസന പദ്ധതികൾ കൃത്യതയോടെയും സമയബന്ധിതമായും നടപ്പിലാക്കുന്നതിന് ഏകോപന സംവിധാനത്തിന് രൂപം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പ്രഖ്യാപനങ്ങളുടെ വിശ്വാസ്യതയും നിർവ്വഹണ മികവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 16 മുതൽ 18 വരെ തിരുവനന്തപുരത്ത് വിവിധ ക്ലസ്റ്ററുകളിലായി 'റൗണ്ട് ടേബിൾ കോൺഫറൻസ്' സംഘടിപ്പിക്കും.

To advertise here,

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ബജറ്റ് നിർദ്ദേശങ്ങൾ പ്രായോഗികമാക്കാൻ ഇത്തരമൊരു വിപുലമായ കർമ്മപദ്ധതി നടപ്പിലാക്കുന്നത്. ബജറ്റിൽ 40-ലധികം വകുപ്പുകളിലായി പ്രഖ്യാപിച്ച 73 പദ്ധതികളിൽ 63 എണ്ണവും ഒന്നിലധികം വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കേണ്ടവയാണ് (ഇന്റർ-ഡിപ്പാർട്ട്മെന്റൽ). 10 പദ്ധതികൾ മാത്രമാണ് ഒറ്റ വകുപ്പിന്റെ കീഴിൽ വരുന്നത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലം പദ്ധതികൾ വൈകുന്നത് ഒഴിവാക്കാനാണ് സർക്കാർ ഈ പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്.