തിരുവനന്തപുരം: ഫോൺ ക്യാമറയിലും കണ്ണാടിയിലും മാറിമാറി നോക്കിയിട്ടും അവരുടെ കൗതുകം മാറുന്നില്ലായിരുന്നു. കാതിൽ സ്വർണക്കഷണം തുളച്ചുകയറിയതിന്റെ വേദനയൊക്കെ ഒരു നിമിഷംകൊണ്ടവർ മറന്നു. പിന്നെ പൊന്നിന്റെ തിളക്കമായിരുന്നു ബാലികമാരുടെയും കണ്ണുകളിൽ.
സംസ്ഥാന ശിശുക്ഷേമ സമിതിയിലെ 18 ബാലികമാർക്കാണ് കാതുകുത്ത് നടന്നത്. സംസ്ഥാന ശിശുക്ഷേമസമിതിയിലെ വീട്, ബാലികമന്ദിരം, ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷൻ എന്നിവിടങ്ങളിലെ നാലിനും എട്ടിനുമിടയിൽ പ്രായമുള്ള കുട്ടികളുടെ കാതുകുത്ത് കല്യാണമാണ് ബുധനാഴ്ച നടന്നത്.
ആദ്യം കാതുകുത്തിയത് ഏഴുവയസ്സുകാരിയായ വൈഷ്‌ണവിക്കായിരുന്നു. ആയയുടെ കൈയിൽത്തൂങ്ങിയാണ് വൈഷ്‌ണവി എത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രത്‌നകലാ രത്‌നാകരൻ കമ്മൽ അടങ്ങിയ കുഞ്ഞുപെട്ടി വെച്ചുകൊടുത്തു. കാതുകുത്തുമ്പോൾ വേദനിച്ച് കരയാതിരിക്കാൻ മിഠായിയും ലഡുവും നൽകി. കാതുകുത്താൻ ഒരുങ്ങിയപ്പോൾ മിഴികളടച്ചു. ആദ്യത്തെ കാതുകുത്തിക്കഴിഞ്ഞപ്പോൾ എല്ലാവരെയും നോക്കിച്ചിരിച്ചു. രണ്ടാമത്തെ കമ്മലുമിട്ടു കഴിഞ്ഞപ്പോൾ ഫോണിലെ ക്യാമറയിലൂടെ കമ്മലുകൾ നോക്കിക്കണ്ടു. പിന്നാലെ കാതുകുത്തിയവരിൽ കൂടുതൽപ്പേരും നിറകണ്ണുകളോടെ ആയമാരുടെ കൈകളിലേക്കോടി. മൂന്നുവയസ്സുകാരിയായ ശിവാനിയായിരുന്നു കമ്മലിട്ട ചെറിയ കുട്ടി.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കമ്മലുകൾ നൽകിയത്. ഡെപ്യൂട്ടി മേയർ പി.കെ. രാജു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അധ്യക്ഷനായി. സിഡബ്ല്യുസി ചെയർപേഴ്‌സൺ ഷാനിബാബീഗം മുഖ്യാതിഥിയായി. മുട്ടട കൗൺസിലർ അജിത്ത് രവീന്ദ്രൻ, സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ ജയചന്ദ്രൻ പള്ളിയമ്പലം തുടങ്ങിയവർ സംസാരിച്ചു.
Content Highlights: 18 girls aged 4-8 at the Kerala State Child Welfare Council received ear piercings
Published: 18 Sept 2025, 07:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented