
കാസർകോട് മുനിസിപ്പാലിറ്റി കെട്ടിടത്തിന്റെ മതിലിന് പച്ച പെയിന്റടിച്ച നിലയിൽ, പ്രതിഷേധ മാർച്ചിൽ പ്രസംഗിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എ. മുഹമ്മദ് ഹനീഫ
കാസര്‍കോട്: മുസ്ലിം ലീഗ് ഭരിക്കുന്ന കാസര്‍കോട് മുന്‍സിപ്പാലിറ്റി ഓഫീസ് കെട്ടിടത്തിന്റെ ചുറ്റുമതിലിന് പച്ച പെയിന്റ് അടിച്ചതിനെ ചൊല്ലി വിവാദം. പെയിന്റടിച്ചതിനേക്കുറിച്ചുള്ള സിപിഎം നേതാവിന്റെ പ്രതികരണമാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. 'പച്ച പെയിന്റടിക്കാന്‍ ഇതെന്താ പാക്കിസ്താന് ആണോ' എന്നായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കെ.എ. മുഹമ്മദ് ഹനീഫയുടെ പരാമര്‍ശം.
ലീഗിന്റെ അപ്രമാദിത്വവും നാട്ടില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ശ്രമമാണ് പച്ച പെയിന്റ് അടിച്ചതിനു പിന്നിലെന്നായിരുന്നു മുഹമ്മദ് ഹനീഫയുടെ പരാമര്‍ശം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എഴുപത് ശതമാനവും ഭരിക്കുന്നത് സിപിഎമ്മാണ്. എന്നാല്‍, ഒരു മതിലിനും ചുവപ്പ് പെയിന്റ് അടിച്ചിട്ടില്ലെന്നും മുഹമ്മദ് ഹനീഫ പറഞ്ഞു.
പൈസ തരണമെങ്കില്‍ കാവി പെയിന്റ് അടിക്കണം എന്നുപറയുന്ന നരേന്ദ്രമോദിക്ക് തുല്യമായി കാസര്‍കോട്ടെ നഗരസഭയില്‍ മുസ്ലിം ലീഗ് മാറിയെന്നും മുഹമ്മദ് ഹനീഫ് പറഞ്ഞു. മുനിസിപ്പാലിറ്റിയുടെ വോട്ടര്‍പട്ടികയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് സിപിഎം നടത്തിയ പ്രതിഷേധ പരിപാടിയിലായിരുന്നു നേതാവിന്റെ പരാമര്‍ശം.
വോട്ടര്‍ പട്ടികയില്‍ വ്യാജവോട്ടര്‍മാരെ തിരുകിക്കയറ്റിയെന്ന് സിപിഎം
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വോട്ടുചേര്‍ക്കാന്‍ നല്കിയ അവസരം മുതലെടുത്ത് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റാന്‍ മുസ്ലിം ലീഗ് ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു സിപിഎമ്മിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ നീക്കമാണെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എ. മുഹമ്മദ് ഹനീഫ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കാസര്‍കോട് നഗരസഭയിലെ 22, 24 വാര്‍ഡുകളിലാണ് നൂറിലധികം അപേക്ഷ രണ്ട് ദിവസത്തിനുള്ളിലെത്തിയത്. ഇതേ അപേക്ഷകള്‍ മുന്‍പ് ഹിയറിങ്ങിന് ശേഷം തള്ളിയതാണ്. ഇവരുടെ പേരുകളാണ് വീണ്ടും അപേക്ഷയായി എത്തിയിട്ടുള്ളത്. ഹിയറിങ് മാത്രമല്ല, ഉദ്യോഗസ്ഥര്‍ നേരിട്ട് പ്രദേശം സന്ദര്‍ശിച്ച് ഇവര്‍ സ്ഥിരതാമസക്കാരല്ലെന്ന് ഉറപ്പാക്കിയശേഷമാണ് അപേക്ഷകള്‍ തള്ളിയത്. ഇപ്പോള്‍ നല്കിയ അപേക്ഷയില്‍ ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കി വരുതിയിലെത്തിക്കുകയാണ് ലീഗ് ലക്ഷ്യമെന്ന് സിപിഎം ആരോപിച്ചു.
Published: 10 Nov 2025, 05:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented