ബെംഗളൂരു: എസ്.ഐ.ആറിനെത്തുടർന്ന് വോട്ടർപട്ടികയിൽനിന്ന് 44 ലക്ഷത്തിലേറെ പേരുകൾ വെട്ടിമാറ്റിയതിനു പിന്നാലെ ബെംഗളൂരുവിലെ താമസക്കാരുടെ വിവരങ്ങൾ ശേഖരിക്കാൻ കർണാടക സർക്കാർ ഒരുങ്ങുന്നു. വീടുകൾതോറും കയറിയിറങ്ങി വിവരങ്ങൾ ശേഖരിക്കാനാണ് പോലീസിന് നൽകിയിരിക്കുന്ന നിർദേശം. സുരക്ഷാ കാരണങ്ങളാലാണ് വിവരങ്ങൾ ശേഖരിക്കാൻ നിർദേശിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു.

To advertise here,

എസ്.ഐ.ആറിനുമുൻപ് ബെംഗളൂരുവിൽ 1.03 കോടിയോളം വോട്ടർമാരുണ്ടായിരുന്നു. എസ്.ഐ.ആർ. കഴിഞ്ഞതോടെ ഇത് 59 ലക്ഷത്തോളമായി കുറഞ്ഞു. പ്രായപൂർത്തിയായവരും അല്ലാത്തവരുമായി ഒന്നരക്കോടിയോളം പേർ താമസിക്കുന്ന നഗരത്തിൽ മൂന്നിൽ ഒന്നുപേർക്കുമാത്രം വോട്ടവകാശമുള്ള സ്ഥിതിയിലാണ് കണക്കെടുപ്പ് നടത്താൻ സർക്കാർ നീക്കം.

ആളുകൾ നഗരത്തിൽ താമസിക്കാൻ താത്പര്യപ്പെടുമ്പോഴും വോട്ട് തങ്ങളുടെ സ്വന്തംനാട്ടിൽ നിലനിർത്തുന്നതുകൊണ്ടായിരിക്കാം വോട്ടു കുറയുന്നതെന്നും എന്നാൽ, സുരക്ഷാ ആവശ്യത്തിന് കൂടുതൽ വിവരങ്ങൾ ആവശ്യമുള്ളതിനാലാണ് കണക്കെടുപ്പ് നടത്തുന്നതെന്നും ശിവകുമാർ പറഞ്ഞു. ഇതേസമയം, എന്തൊക്കെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്നും എന്നുമുതൽ ഇത് തുടങ്ങുമെന്നും വ്യക്തമാക്കിയിട്ടില്ല. ബെംഗളൂരുവിൽ അടക്കം സംസ്ഥാനത്തെ പ്രധാനനഗരങ്ങളിൽ ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർ താമസിക്കുന്നുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ഇവരെ പിടികൂടാൻ പോലീസ് പ്രത്യേക പരിശോധനകളും നടത്തുന്നുണ്ട്. ഇതിനിടെയാണ് നഗരത്തിൽ താമസിക്കുന്നവരുടെ എല്ലാവരുടെയും വിവരങ്ങൾ ശേഖരിക്കാൻ ഒരുങ്ങുന്നത്.