തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ പരിശോധന അടുത്തയാഴ്ച നടക്കാനിരിക്കേ, തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായ കെ. കരുണാകരൻ മെഡിക്കൽ കോളേജിലേക്ക് മറ്റു സർക്കാർ മെഡിക്കൽ കോളേജുകളിൽനിന്നായി ഡോക്ടർമാരെ കൂട്ടത്തോടെ മാറ്റിനിയമിച്ചു. 113 പേരെയാണ് ഇങ്ങനെ നിയമിച്ചത്. ഇതിൽ 66 പേരും നിലവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നാണ്. 11 മെഡിക്കൽ കോളേജുകളിൽനിന്നും രണ്ട് ഡെന്റൽ കോളേജുകളിൽ നിന്നുമായാണ് മാറ്റം. ഇവിടങ്ങളിൽ പകരം ആരെയും നിയമിച്ചിട്ടില്ല.

To advertise here,

ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരത്തിന് അപേക്ഷിക്കാനാവശ്യമായ സൗകര്യങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ സർവകലാശാലയുടെ മൂന്നംഗസംഘമാണ് അടുത്തയാഴ്ചയെത്തുക. കുറവുകൾ കണ്ടെത്തിയാൽ അവ പരിഹരിക്കാൻ സംഘം നിർദേശിക്കും. അതിനുശേഷമേ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ. ആവശ്യത്തിന് അധ്യാപകരുണ്ടെന്ന് കാണിക്കാനാണ് സ്ഥലംമാറ്റത്തിലൂടെയുള്ള തിടുക്കപ്പെട്ട നിയമനം.

തിരുവനന്തപുരം കഴിഞ്ഞാൽ കൊല്ലം (പാരിപ്പള്ളി) മെഡിക്കൽ കോളേജിൽനിന്നാണ് കൂടുതൽപ്പേരെ മാറ്റിനിയമിച്ചത് -15 പേരെ. ആലപ്പുഴ, കോന്നി എന്നിവിടങ്ങളിൽനിന്ന് എട്ടുപേരെ വീതവും കോട്ടയം, വയനാട് എന്നിവിടങ്ങളിൽനിന്ന് മൂന്നുപേരെ വീതവും മാറ്റി. തൃശ്ശൂർ, ഇടുക്കി, കാസർകോട് എന്നിവിടങ്ങളിൽനിന്ന് രണ്ടുപേരെവീതവും കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരെയുമാണ് മാറ്റിയത്. തിരുവനന്തപുരം, തൃശ്ശൂർ ഡെന്റൽ കോളേജുകളിൽനിന്ന് ഓരോരുത്തരെയും മാറ്റി.