ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ട മുൻവോട്ടർമാർക്ക് പേര് വീണ്ടും ചേർക്കുന്നതിന് കന്നിവോട്ടർമാർക്കുള്ള ഫോം ആറ് വഴി അപേക്ഷിക്കാമെന്ന് വ്യക്തമാക്കി മൂന്ന് ദിവസത്തിനകം തിരഞ്ഞെടുപ്പ് കമ്മിഷൻ നേരേ മലക്കം മറിഞ്ഞതിന് പിന്നിൽ ജുഡിഷ്യറിയിൽ നിന്നുള്ള സമ്മർദ്ദമെന്ന് സൂചന. എസ്.ഐ.ആർ നടന്നുവരുന്ന ഡൽഹിയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലാണ് ലക്ഷ്യമിട്ട എസ്.ഐ.ആർ സങ്കല്പത്തെ തള്ളുന്ന നിലപാട് കമ്മിഷന് സ്വീകരിക്കേണ്ടി വന്നിരിക്കുന്നത്.

To advertise here,

ഫോം ആറിലൂടെ അപേക്ഷിക്കാതെ പതിവ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചുനൽകി വീണ്ടും വോട്ടറാകാൻ അനുവദിച്ചത് കമ്മിഷന്റെ സമീപകാലത്തെ ഏറ്റവും വലിയ പിറകോട്ടുപോകലാണ്. എന്നാൽ നേരത്തേ എസ്.ഐ.ആർ നടന്നുകഴിഞ്ഞ 19 സംസ്ഥാന/കേന്ദ്രഭരണപ്രദേശങ്ങളിൽ ഈയൊരാനുകൂല്യത്തിന് കമ്മിഷൻ മുതിരാത്തതിനെ ചോദ്യം ചെയ്ത് പൗരാവകാശസംഘടനകളുൾപ്പെടെ പിന്നാലെ രംഗത്തെത്തിയത് കമ്മിഷനെ വീണ്ടും വെട്ടിലാക്കി. തിരഞ്ഞെടുപ്പ് ഉടൻ വരാനിരിക്കുന്നതും രണ്ട് കോടി വോട്ടർമാർ എസ്.ഐ.ആറിലൂടെ പുറന്തള്ളപ്പെട്ടതുമായ യു.പിയും ഈ സംസ്ഥാനങ്ങളിൽ പെടും. വോട്ടർപട്ടിക പുതുക്കലിനുള്ള സ്‌പെഷ്യൽഡ്രൈവ് ഇവിടങ്ങളിലിപ്പോൾ നടക്കുകയാണ്.

എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടവർക്ക് പേര് ഉൾപ്പെടുത്താൻ ഫോം ആറ് വഴി അപേക്ഷിച്ചാൽ വ്യാജസത്യവാങ്മൂലം സമർപ്പിച്ചതിന്റെ പേരിലുള്ള നടപടിയുണ്ടാവില്ലെന്ന് നവംബർ മൂന്നിനാണ് കമ്മിഷൻ സർക്കുലറിലൂടെ വ്യക്തമാക്കിയത്. ഇതിന് മുമ്പ് ഒരിടത്തും വോട്ടറായിരുന്നില്ല എന്ന വോട്ടറുടെ സത്യവാങ്മൂലം സഹിതമുള്ളതാണ് ഫോം ആറ്. മുമ്പ് വോട്ടറായിരുന്ന ഒരാൾ ഈ സത്യവാങ്മൂലം ഒപ്പിട്ടുനൽകേണ്ടി വരുമ്പോൾ അത് വ്യാജമാകും. ജനപ്രാതിനിധ്യനിയമത്തിലെ 31ാം വകുപ്പുപ്രകാരം ഒരു വർഷം വരെ തടവിന് വിധിക്കപ്പെടാവുന്ന കുറ്റകൃത്യമാണിത്. എന്നാൽ, നടപടിയുണ്ടാവില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നീലോൽപ്പൽ ദത്ത കേസിൽ ഡൽഹി ഹൈക്കോടതി ഒക്ടോബർ 14ന് വിധിച്ചു. ഈ ഉത്തരവ് എടുത്തുപറഞ്ഞാണ് കമ്മിഷൻ നവംബർ മൂന്നിന് സർക്കുലർ ഇറക്കിയത്.

കമ്മിഷന്റെ ഈ സർക്കുലറിനെതിരെ സാമൂഹ്യപ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് കമ്മിഷൻ സർക്കുലറെന്നായിരുന്നു ഇവരുടെ വാദം. നേരത്തേ വോട്ടറായിരുന്നവരും സ്ഥലംമാറിയതിന്റെ പേരിൽ ഒഴിവാക്കപ്പെട്ടവരും കന്നിവോട്ടർക്കുള്ള ഫോം ആറ് വഴി അപേക്ഷിക്കേണ്ടി വരുന്നത് ഘടനാപരമായ ഔചിത്യക്കേടോ പിഴവോ ആണെന്നാണ് ഒക്ടോബർ 28ന്റെ ഉത്തരവിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. പകരം താമസം മാറിയ വോട്ടർക്ക് അപേക്ഷിക്കാനുള്ള ഫോം എട്ട് വഴിയോ എന്യുമറേഷൻഫോമിലൂടെയോ ഇത്തരക്കാർക്ക് അപേക്ഷിക്കാനവസരമൊരുക്കണമെന്ന് കോടതി അന്ന് നിർദ്ദേശിച്ചു. എന്നിട്ടും ഫോം ആറിലൂടെ അപേക്ഷിക്കുന്നതിനെ കമ്മിഷൻ ന്യായീകരിച്ചപ്പോഴാണ് അഞ്ജലിയും അമൃതയും വീണ്ടും സുപ്രീംകോടതിയിലെത്തിയത്. നവംബർ 19ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, ഫോം ആറിനുള്ള ന്യായീകരണം കോടതിയെ പ്രകോപിപ്പിച്ചേക്കാമെന്ന ശങ്കയാലാകാം കമ്മിഷന്റെ വെള്ളിയാഴ്ചത്തെ മലക്കംമറിച്ചിലെന്നും വിലയിരുത്തപ്പെടുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ സുഖ്ബീർസിങ് സന്ധുവും വിവേക് ജോഷിയും തമ്മിലെ ആശയവിടവ് മൂലമുണ്ടായ അവ്യക്തതയാണോ പെട്ടെന്നൊരു മലക്കം മറിച്ചിലിലേക്കെത്തിച്ചതെന്ന ചർച്ചകളും സജീവമാണ്. ഫോം ആറിനെ ന്യായീകരിച്ചുള്ള സർക്കുലർ ഗ്യാനേഷിന്റെ മാത്രം തീരുമാനമാകാമെന്ന നിഗമനമാണ് ഈയൊരു വിലയിരുത്തലിനടിസ്ഥാനം. താമസം മാറുന്നയാൾക്കും കന്നിവോട്ടർക്കുള്ള ഫോം ആറിലൂടെ അപേക്ഷിക്കണമെന്ന നിർദ്ദേശം പാടില്ലെന്ന് ഗോവയിൽ നിന്നുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചതും കമ്മിഷന് മേൽ സമ്മർദ്ദം കൂട്ടുന്നുണ്ട്. സുപ്രീംകോടതി ഇനി എന്തുപറയുന്നുവെന്നതിലേക്കാണ് അതിനാൽ ഏവരും ഉറ്റുനോക്കുന്നത്.