കോഴിക്കോട്: മെക്‌ സെവൻ വ്യായാമക്കൂട്ടായ്മയ്കൾക്കെതിരേ വീണ്ടും വിമർശനവുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. വ്യായാമം എന്ന പേരിൽ എല്ലാ കു​ഗ്രാമങ്ങളിലും ടൗണുകളിലും സദസ്സൊരുക്കുന്നു. ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് പഠിപ്പിക്കുന്നതെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. മലപ്പുറം കിഴിശ്ശേരിയിൽ ഇസ്സത്ത് സ്‌കോളറേനിയം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അന്യപുരുഷന്മാരും സ്ത്രീകളും  ഇടകലർന്നുകൊണ്ടിരിക്കുന്നു. സ്ത്രീകള്‍ അവരുടെ ശരീരം പോലും തുറന്നുകൊണ്ട് വ്യായാമത്തില്‍ ഏര്‍പ്പെടുന്നു. സ്ത്രീയും പുരുഷനും നോക്കുന്നതും കാണുന്നതും ഹറാമാണെന്ന ധാരണപോലും ഇല്ലാതാക്കി നാശങ്ങളും നഷ്ടങ്ങളും ഇവിടെ വരുത്തിക്കൊണ്ടിരിക്കുന്നു. 

തെറ്റുചെയ്യുന്നതിൽ ഒരു മടിയുമില്ല എന്ന സ്ഥിതിയാണുണ്ടാകുന്നത്. ഇസ്ലാം മതത്തില്‍ നിന്ന് ആളുകളെ അകറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്. പണ്ട് പുരുഷൻമാരെ കാണുന്നതും സംസാരിക്കുന്നതും നിബന്ധനകളോടെയാണെന്ന ഇസ്ലാം നിയമത്തെ കുറിച്ച് സ്ത്രീകൾക്ക് ബോധമുണ്ടായിരുന്നു. ഈ മറ എടുത്തുകളഞ്ഞ് ചെറുപ്പക്കാരികളായ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് കൂടുന്നതിന് ഒരു പ്രശ്നവുമില്ലെന്നാണ് 
ഇപ്പോൾ പഠിപ്പിക്കുന്നത്. വമ്പിച്ച നാശമാണ് ഇത് ലോകത്ത് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹറാമായ വഴിയിലേക്ക് ചെറുപ്പക്കാരെ തിരിച്ചുവിടുകയാണ് മെക് സെവൻ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

അന്യപുരുഷന്മാരുടെ മുന്നിലും ഇടകലർന്നും സ്ത്രീകൾ അഭ്യാസം നടത്തുന്നത് അനുവദനീയമല്ലെന്ന് ചൂണ്ടിക്കാട്ടി കാന്തപുരം വിഭാഗം സമസ്ത മുശാവറ നേരത്തെ രം​ഗത്തെത്തിയിരുന്നു. മതവിശ്വാസത്തിന് ഹാനികരമാവുന്ന ഗാനങ്ങളും പ്രചാരണങ്ങളും ക്ലാസുകളും സംഘടിപ്പിച്ച് അതിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത് അനുവദനീയമല്ലെന്നും മുശാവറ യോഗം പത്രക്കുറിപ്പിൽ അറിയിച്ചു.