കൊച്ചി: അങ്കമാലി-എരുമേലി ശബരിപ്പാതയുടെ കാര്യം ബുധനാഴ്ചത്തെ കാബിനെറ്റ് ചർച്ച ചെയ്തേക്കും. സ്ഥലമേറ്റെടുപ്പ് ഒാഫീസുകൾ വീണ്ടും തുറക്കുന്നതിനെ കുറിച്ചാണ് തീരുമാനമെടുക്കാനുള്ളത്. ശബരിപ്പാതയുടെ നിർമാണം പുനരാരംഭിക്കുന്നതിനെ കുറിച്ച് പുതിയ സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. സ്ഥലമെടുപ്പ് സംബന്ധിച്ച് വിവിധ കളക്ടർമാരോട് റിപ്പോർട്ട് തേടിയിരുന്നു. ശബരി ഫയൽ നിലവിൽ റെയിൽവേയുടെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയുടെ ഒാഫീസിലാണ്.

To advertise here,

303.58 ഹെക്ടർ ഭൂമിയാണ് എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഏറ്റെടുക്കാനുള്ളത്. കേരളത്തിൽ റെയിൽവേ പദ്ധതികൾക്കായുള്ള സ്ഥലമെടുപ്പ് വൈകുന്നു എന്ന് കേന്ദ്ര റെയിൽവേ മന്ത്രി നിരന്തരം പറയുന്ന വിഷയമാണ്. ഭൂമി ഏറ്റെടുക്കലിന്റെ തത്‌സ്ഥിതി വിലയിരുത്താൻ യോഗം ചേരണമെന്ന് റെയിൽവേ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലമെടുപ്പ് ഓഫീസുകൾ ഉടൻ തുറക്കുമെന്ന് കഴിഞ്ഞ സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും ഇലക്ഷൻ ചട്ടങ്ങൾ മൂലം അത് നടപ്പായിരുന്നില്ല. പദ്ധതിനിർമാണ ചെലവിന്റെ പകുതി കിഫ്ബി വഴി നൽകാമെന്നും കഴിഞ്ഞ സർക്കാർ തീരുമാനിച്ചിരുന്നു.

അങ്കമാലി മുതൽ കോട്ടയം രാമപുരം വരെ 70 കിലോമീറ്റർ അളന്ന് കല്ലിട്ട് തിരിച്ചിട്ട് 20 വർഷം കഴിഞ്ഞു. 111 കിലോമീറ്റർ ദൈർഘമുള്ള പാതയിൽ 14 സ്റ്റേഷനുകളാണുള്ളത്.